പുതിയ വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ഡീലര്‍ഷിപ്പ് അടച്ചുപൂട്ടി ഉപഭോക്താവിനെ വഞ്ചിച്ചു. തുടര്‍ന്ന് പരാതിയുമായി വാഹനനിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവരും കൈകഴുകി. പൂനെയിലാണ് സംഭവം. പൂനെ പിംപ്രി ചിന്‍വാഡ് സ്വദേശിയായ ഹർവർദ്ധൻ തപസ്വിയും സഹോദരൻ ശ്രീവർദ്ധനൻ തപസ്വിയുമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു മോട്ടോഴ്സിനും പൂനെയിലെവ ഇസുസു ഷോറൂമായ വിരാജ് മോട്ടോഴ്സിനുമെതിരെ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

2017 ആഗസ്തില്‍ ഇസൂസു ഡി–മാക്സ് വിക്രോസാണ് ഇവർ ബുക്ക് ചെയ്തത്. പണം നൽകിയാൽ രണ്ടു ദിവസത്തിനകം വാഹനം നൽകാമെന്ന് ഡീലർഷിപ്പിൽ നിന്നും ഉറപ്പു നല്‍കിയതിന് അനുസരിച്ച് ഓഗസ്റ്റ് നാലിന് വാഹനത്തിന്റെ വിലയും റോഡ് ടാക്സും ഇൻഷുറൻസും ഉള്‍പ്പെടെ 15.29 ലക്ഷം രൂപയും ഇവര്‍ കൈമാറി. ബാങ്കില്‍ നിന്നും ലോണെടുത്ത പണമായിരുന്നു ഇത്.

എന്നാൽ പിന്നീട് ഡീലര്‍ വാക്കു മാറ്റി. ചില സാങ്കേതിക കാരണങ്ങളാല്‍ വാഹനം എത്തുന്നത് വൈകുമെന്നും 2017 ഓഗസ്റ്റ് 25 ന് നല്‍കാമെന്നും പറഞ്ഞു. കാലതാമസം നേരിട്ടതിനാല്‍ ആദ്യമാസ അടവ് ഡീലര്‍ഷിപ്പ് വഹിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

എന്നാൽ പിന്നീടും പല കാരങ്ങൾ പറഞ്ഞ് ഡീലർഷിപ്പ് വാഹന ഡെലിവറി നീട്ടി. ഇതിനിടെ സെപ്റ്റംബറിൽ പത്രങ്ങളിൽ വന്ന പരസ്യം കണ്ട് തപസ്വിയും കുടുംബവും ഞെട്ടി. പൂനെയിലെ വിരാജ് മോട്ടോഴ്സിന്റെ ഡീലർഷിപ്പ് റദ്ദാക്കുന്നു എന്നായിരുന്നു വാർത്ത. ഇതേ തുടർന്ന് ഡീലർഷിപ്പിനേയും ഇസൂസു ഇന്ത്യയേയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഡിസംബർ 20നായിരുന്നു ആദ്യ ഹിയറിങ്ങ്. എന്നാല്‍ ഡീസൽഷിപ്പിൽ നിന്ന് ആരും ഹാജരായില്ല. മാത്രമല്ല ഇസുസു ഭംഗിയായി കൈകഴുകുകയും ചെയ്‍തു. ഡീലര്‍ നടത്തിയ ഇടപാടിന് ഇസൂസു ഇന്ത്യക്ക് ബാധ്യതയില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ തങ്ങള്‍ കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പില്‍ നിന്നാണ് വാഹനം ബുക്കുചെയ്തതെന്നും അതുകൊണ്ട് കമ്പനിയുടെ വാഹനം ലഭിക്കാത്തതിൽ കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്നുമാണ് തപസ്വിയുടെ വാദം. കേസ് രണ്ടാംവട്ട ഹിയറിംഗിനായി 2018 ജനുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

Title Image Courtesy
Alamy dot com