Asianet News MalayalamAsianet News Malayalam

ഇനി സ്റ്റിയറിംഗ് വീൽ ഊരി വീട്ടിൽ കൊണ്ടുപോകാം!

Jaguars new concept has a steering wheel you talk to and take with you
Author
First Published Sep 11, 2017, 4:27 PM IST

ആധുനിക സജ്ജീകരണങ്ങളെയൊക്കെ കടത്തിവെട്ടുന്ന സൂത്രങ്ങളുമായി വാഹന മോഷ്‍ടാക്കള്‍ വിലസുന്ന കാലമാണിത്. അങ്ങനെയുള്ള കാലത്ത് വ്യത്യസ്തമായ കണ്ടുപിടുത്തങ്ങള്‍ തന്നെ വേണ്ടി വരും. അങ്ങനെ വേറിട്ട ഒരു കാറുമായെത്തുകയാണ് ജാഗ്വാര്‍. ഈ കാറിന്‍റെ പ്രത്യേകത എന്തെന്നല്ലേ? സ്റ്റിയറിംഗ് ഊരി വീട്ടില്‍ കൊണ്ടു പോകാം! എങ്ങനുണ്ട് ബുദ്ധി? സ്റ്റിയറിംഗില്ലാതെ മോഷ്‍ടാക്കളെങ്ങനെ വാഹനം അടിച്ചുമാറ്റും?

സേയർ എന്ന പേരിൽ ജാഗ്വാര്‍ കമ്പനി അവതരിപ്പിച്ച ഹൈടെക് സ്റ്റിയറിംഗ് വീലിന് ഇനിയുമുണ്ട് പ്രത്യേകതകളേറെ. കാഴ്ചയിൽത്തന്നെ  സാധാരണ സ്റ്റിയറിംഗ് വീലിവ്‍ നിന്നു വ്യത്യസ്തമാണ് ജാഗ്വാറിന്റെ കൺസെപ്റ്റ് സ്റ്റിയറിംഗ് വീൽ. കൂടാതെ ഇതൊരു പേഴ്സണൽ അസിസ്റ്റന്റ് കൂടിയാണ്. സ്വീകരണമുറിയിലിരുന്നു കാറിനെ നിങ്ങളുടെ വാതിലിനടുത്തേക്ക് എത്തിക്കാനാവുന്ന തരത്തിലായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ്  കാറിന്റെ പ്രവർത്തനം.

ഭാവിയിൽ ഓരോരുത്തർക്കും ഓരോ കാറെന്നതിനു പകരം സ്റ്റിയറിംഗ് വീൽ മാത്രമാകും നമ്മുടെ കൈവശമുണ്ടാകുക,  ഏത് സെൽഫ് ഡ്രൈവിംഗ് കാറിലും ഈ സ്റ്റിയറിംഗ് വീൽ കണക്ട് ചെയ്ത് ഉപയോഗിക്കാനാകും. മ്യൂസിക്ക്, സിസ്റ്റം, സ്‍മാര്‍ട് അസിസ്റ്റന്‍റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം എടുക്കുന്ന ജേലികള്‍ ഈ സ്റ്റിയറിംഗ് വീല്‍ ഒറ്റക്ക് ചെയ്യും. വോയിസ് കമാന്‍റിലൂടെ ഈ സ്റ്റിയറിംഗ് വീലിനു നിങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സാധിക്കും.

ജാഗ്വാർ കാറുകളുടെ ഡിസൈനറായിരുന്ന മാൽകോം സേയറുടെ ഓർമ്മയ്ക്കായാണ് കമ്പനി ഈ കൺസെപ്റ്റ് സ്റ്റിയറിംഗ് വീലിന് സേയർ എന്ന പേര് നൽകിയത്. ഈ മാസം നടക്കുന്ന ടെക് ഫെസ്റ്റിലാവും ജാഗ്വാർ സ്റ്റിയറിംഗ് വീലിന്റെ അവതരണം നടത്തുക.

 

Follow Us:
Download App:
  • android
  • ios