Asianet News MalayalamAsianet News Malayalam

ജാവയ്ക്ക് കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍

ഇപ്പോഴിതാ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജാവ കമ്പനി. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. 

Jawa motorcycles dealership details
Author
Trivandrum, First Published Dec 2, 2018, 4:17 PM IST

തിരുവനന്തപുരം: ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 

ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എവിടെയെല്ലാമാണ് ഈ ഡീലര്‍ഷിപ്പ് എന്ന കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല.  എന്നാല്‍  ഇപ്പോഴിതാ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. 

ഡിസംബര്‍ 15-ന് ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഡീലര്‍ഷിപ്പുതല ബുക്കിങ്ങും അന്ന് മുതല്‍ ആരംഭിക്കും. ഇപ്പോള്‍ 5000 രൂപ സ്വീകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ് തുടരുന്നത്. വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഡീലര്‍ഷിപ്പുകളും ഡിസംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. 

പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.   ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 

കേരളത്തിലെ ജാവ ഡീലര്‍ഷിപ്പുകള്‍

കണ്ണൂര്‍ - സൗത്ത് ബസാര്‍ 
കോഴിക്കോട് - പുതിയങ്ങാടി പിഒ
തൃശ്ശൂര്‍ - കുറിയച്ചിറ
കൊച്ചി - എടപ്പള്ളി പിഒ
ആലപ്പുഴ - ഇരുമ്പ് പാലം പിഒ
കൊല്ലം - പള്ളിമുക്ക് 
തിരുവനന്തപുരം - നിറമണ്‍കര ജംങ്ഷന്‍

Follow Us:
Download App:
  • android
  • ios