ആട്‌ 2വും ഷാജി പാപ്പനും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. സിനിമയിലെ ആ മറ്റഡര്‍വാനും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും പ്രേക്ഷകരുടെ ഇഷ്‍ടവാഹനങ്ങളാണ്. ആട് ആദ്യഭാഗം മുതല്‍ വാനും രണ്ടാം ഭാഗത്തില്‍ ബുള്ളറ്റും പാപ്പന്‍റെ കൂടെയുണ്ട്. ഇപ്പോഴിതാ പാപ്പന്‍ പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഏതാണെന്നല്ലേ? ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി ജിഎൽസി 220 ഡിയാണ് ഷാജി പാപ്പനായി തകര്‍ത്തഭിനയിച്ച ജയസൂര്യ സ്വന്തമാക്കിയത്.

കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡിക്ക് കരുത്തുപകരുന്നത്. 3300-4200 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 1400 ആർപിഎമ്മിൽ 400 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിനു‌ 8.3 സെക്കന്റ് മാത്രം മതി. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനം കുതിക്കും.

ആഡംബരത്തിനൊപ്പം സ്ഥല സൗകര്യം, സുരക്ഷിത്വം സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവയും കമ്പനി ജിഎൽസി 220 ഡിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വാഹനം സ്വന്തമാക്കാന്‍ ഷോറൂമിലെത്തിയപ്പോള്‍ രസകരമായ ചില സംഭവങ്ങളും അരങ്ങേറി. ഷോ റൂമിലെത്തിയ താരം നോക്കുമ്പോഴുണ്ട് ദേ പൊലീസ് യൂണീഫോമില്‍ നില്‍ക്കുന്നു, സാക്ഷാല്‍ സര്‍ബത്ത് ഷമീര്‍. ഷമീറിനെക്കണ്ട് ഞെട്ടിയ പാപ്പന്‍ കണ്ണുതിരുമ്മി നോക്കുമ്പോള്‍ ആശ്വാസമായി. ദാ നില്‍ക്കുന്നു അറക്കല്‍ അബു. പിന്നെ ആട് 2 ലെ ഓരോ കഥാപാത്രങ്ങളും താരത്തിന്‍റെ മുമ്പിലെത്തി. ജയസൂര്യക്ക് സര്‍പ്രൈസായി ഷോറൂം ജീവനക്കാർ തന്നെയാണ് സർബത്ത് സമീറും അറയ്ക്കൽ അബുവിന്‍റെയുമൊക്കെ വേഷത്തിലെത്തിയത്.