എംവിഡി ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളിൽ നിന്ന് 7,500 രൂപ മുതൽ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.
കൊച്ചി : കഴിഞ്ഞ രണ്ടാഴ്ച്ചയായി ബസ്സ് സർവീസുകളെ എംവിഡി ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ രംഗത്ത്. എംവിഡി ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളിൽ നിന്ന് 7,500 രൂപ മുതൽ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അനുകൂല നടപടിയുണ്ടായിലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കും. എംവിഡി നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളിൽ കക്ഷി ചേരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വിട്ടുനല്‍കി
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി. അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ്, അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ അവകാശമുണ്ടെന്ന് കേരളം
ഇതര സംസ്ഥാനങ്ങളില്‍ റജസിറ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത് . വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നല്‍കുന്ന പെര്‍മിറ്റ് ഫീസില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി ഉള്‍പ്പെടുന്നില്ലെന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.കൂടാതെ ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. റോബിന്‍ ബസുടമ കെ കിഷോര്‍ ഉള്‍പ്പടെയുള്ള ബസുടമകളാണ് പ്രവേശന നികുതി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

