തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് മറ്റ് യാത്രിക്കാരുടെയും ജീവന് ഭീഷണിയാണ്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പനക്കനുസരിച്ചുള്ള ബോഡി, സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

എറ്റവും അനിവാര്യമായ ആവശ്യങ്ങള്‍ക്കുമാത്രമേ വാഹനങ്ങള്‍ക്ക് രൂപമാറ്റം നല്‍കുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരില്‍നിന്ന് അനുമതി ലഭിക്കൂ. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവെക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയില്ല. എന്നാല്‍ അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ വ്യാപകമായി നിരത്തിലുണ്ട്.

രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി ശുപാര്‍ശചെയ്യും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം പിഴചുമത്താനും നീക്കമുണ്ട്.