ദില്ലി: കേരളത്തിലെ ആദ്യ ശതാബ്ദി എക്സ്പ്രസ് ജനുവരി ആദ്യ വാരം സര്‍വ്വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിനുകളിലൊന്നായ ശതാബ്‍ദി എക്സപ്രസ് അനുവദിക്കാന്‍ റെയില്‍വേമന്ത്രാലയം തീരുമാനിച്ചതെന്നാണ് വിവരം. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തത്.
കോട്ടയം വഴി കണ്ണൂര്‍ വരെയാണ് ആദ്യ ശതാബ്‍ദിയുടെ സര്‍വ്വീസ്. തിരുവനന്തപുരത്തു നിന്നും രാവിലെ ആറുമണിക്ക് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം യാത്ര തുടര്‍ന്ന് രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് തിരികെയെത്തുന്ന വിധമാണ് വണ്ടിയുടെ സമയക്രമീകരണം.

നിലവില്‍ കേരളത്തില്‍ രണ്ടു ജനശതാബ്ദി എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ അഞ്ചുദിവസമുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും ദിവസേനയുള്ള തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും.
എന്നാല്‍ ജനശതാബ്‍ദി എക്സപ്രസുകളില്‍ നിന്നും വ്യത്യസ്തമായി ശതാബ്‍ദിയില്‍ എല്ലാ കോച്ചുകളും എ സി ചെയര്‍ കാറുകളായിരിക്കുമെന്നതാണ് പ്രത്യേകത. ഭക്ഷണ വില ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഉള്ള ഡൈനാമിക്ക് ഫെയര്‍ സംവിധാനത്തിലായിരിക്കും.

രാജ്യത്തെ ഏറ്റവും വേഗം കൂടിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സീരീസായ ശതാബ്ദിക്ക് 1988 ലാണ് ഇന്ത്യന്‍ റെയില്‍വേ തുടക്കമിടുന്നത്. ദില്ലിക്കും ഝാന്‍സിക്കും ഇടയിലായിരുന്നു അത്. പിന്നീട് ഇത് ഭോപ്പാലിലേക്കു നീട്ടി. രാജധാനി എക്സ്പ്രസുകള്‍ക്ക് ശേഷം റെയില്‍വേ മുന്തിയ പരിഗണന നല്‍കുന്നതും ശതാബ്ദിക്കാണ്. നിലവില്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ശതാബ്ദി എക്സ്പ്രസ് ഉണ്ട്. കോയമ്പത്തൂര്‍ - ചെന്നൈ ശതാബ്ദി എക്സ്പ്രസ് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുന്നത്.

