കൊല്ലം: ബസില്‍ കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് ഒരു ജീവന്‍. കൊല്ലം പാരിപ്പള്ളി-കൊട്ടാരക്കര റൂട്ടിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ വേണാട് ചെയിന്‍ സര്‍വീസില്‍ കയറിയ 35 വയസ്സുള്ള ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഓയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പോകാന്‍ കയറിയ ആളാണ് കുഴഞ്ഞുവീണത്. ബസ് പൂയപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സീറ്റില്‍ നിന്ന് ബസ്സിന്റെ പ്ലാറ്റ്ഫോമിലേക്ക് വീണതു കണ്ട ജീവനക്കാര്‍ ബസ് നിര്‍ത്തി. വെള്ളം തളിക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തിട്ടും ഇയാള്‍ക്ക് ബോധം വീണില്ല.

മദ്യപിച്ച് ബോധം പോയെന്നാണ് ആദ്യം കരുതിയതെങ്കിലും വീണയുടന്‍ എടുത്തുയര്‍ത്തിയപ്പോള്‍ മദ്യപിച്ചില്ലെന്നു മനസിലായി. ഉടന്‍ തന്നെ കണ്ടക്ടര്‍ റോയി ലൂക്കോസും ഡ്രൈവര്‍ ഓമനക്കുട്ടനും യാത്രക്കാരോട് ഇനി എവിടെയും നിര്‍ത്തില്ല എന്നറിയിച്ചു. തുടര്‍ന്ന് നേരെ ആശുപത്രിയിലേക്കു പാഞ്ഞു. യുവാവിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.