ടലിന്റെ പുലർകാല കാഴ്ച കാണാൻ നേരത്തെ തന്നെ എണീറ്റു . പുറത്തെ കാഴ്ച്ചകൾ കാണാൻ ബാൽക്കണിയിലേക്ക് ഇറങ്ങി , വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ചകൾക്ക് അന്ന് വരെ കണ്ടതിനേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു . മഞ്ഞു പെയ്തിറങ്ങുന്ന തണുത്ത കാറ്റിൽ പ്രണയാർദ്രമായ ശാന്തതയോടെ നീലക്കടൽ. കുറച്ചു നേരം അനങ്ങാതെ അത് ആസ്വദിച്ചു നിന്നു. ഡൽഹിയിൽ നിന്നുള്ള ഒരാളെക്കൊണ്ട് ഒരു ഫോട്ടോയും എടുപ്പിച്ചു അകത്തേക്ക് കയറിയപ്പോള്‍ തന്നെ റെഡി ആവാൻ അനൗൻസ്മെന്റ് വന്നു . ക്യാബിൻ ക്രൂവിനോട് ചോദിചപ്പോള്‍ ഏകദേശം 7 .30 ഓട് കൂടി മിനിക്കോയ് എത്തുമെന്ന് പറഞ്ഞു .

എംബാർകേഷൻ റൂമിലേക്ക് എത്താനുള്ള അനോൻസ്മെന്റ് വന്നപ്പോള്‍ അങ്ങോട്ട് പോയി. അടുത്ത കടമ്പ അനാർക്കലി സിനിമയിലൊക്കെ കണ്ട പോലെ കപ്പലിൽ നിന്നും മറ്റൊരു ചെറു ബോട്ടിലേക്ക് ചാടി ഇറങ്ങുന്നതായിരുന്നു . ഉയരം ഒന്നും ഇല്ലായിരുന്നെകിലും ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കടലിന്റ ഓളങ്ങൾ അനുസരിച്ചു ചെറിയ സമയം കൊണ്ട് ബോട്ടിലേക്ക് കയറണം . ഒരുവിധം കയറിപ്പറ്റി ഒരു മൂലക്ക് ഇരുന്നു. ചെറിയ ബോട്ടിൽ കൊള്ളാവുന്നതിൽ അധികം പേരുണ്ടായിരുന്നു .

ഞാൻ എന്റെ സ്വപ്ന ഭൂവിലേക്കുള്ള യാത്രയുടെ പാതി പിന്നിട്ടിരിക്കുന്നു. ഓര്‍ത്തപ്പോള്‍ എന്തോ ഒരു കൗതുകം! കൊച്ചിയിൽ നിന്നുള്ള കുറച്ചു വിദ്യാർത്ഥികളും ആലപ്പുഴയിൽ നിന്നും ജോലികൾക്ക് ആയി വന്ന കുറച്ചു പേരെയും പരിചയപ്പെട്ടു.

അരമണിക്കൂറോളം ബോട്ടിലായിരുന്നു യാത്ര. കടലിന്റെ നിറം മാറിയിരിക്കുന്നു . വശ്യമായ നീലക്കളറിൽ നിന്നും അതിപ്പോൾ പച്ചയായിരിക്കുന്നു . ആദ്യമായാണ് ആ നിറത്തിൽ കടൽ കാണുന്നത് . ബോട്ട് ഓടിക്കുന്ന ആളുടെ പെർമിഷനോട് കൂടെ വെള്ളത്തിൽ കാമറ വെച്ച് വീഡിയോ എടുക്കാൻ ശ്രമിച്ചു . ഒട്ടും ആഴമില്ലെങ്കിലും ബോട്ടിന്റെ സ്പീഡിന്റെ ലെവൽ അപ്പോഴാണ് മനസ്സിലായത് . കൈ ഒടിഞ്ഞു പോവാഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം .

യാത്രയ്ക്ക് ഒടുവിൽ കടലിലേക്ക് നീണ്ടുനിൽക്കുന്ന പാലത്തിനടത്തു ബോട്ടടുപ്പിച്ചു. ഇറങ്ങി നടക്കുന്നതിനിടക്ക് നാട്ടിൽ നിന്നും കൊണ്ട് പോയ ബിഎസ്എന്‍എല്‍ സിം എടുത്തിട്ടു. പോകുന്നവർ പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കണം, ബിഎസ്എന്‍എല്ലിനു മാത്രമേ അവിടെ റേഞ്ച് കിട്ടുകയുള്ളൂ. വേണ്ടത്ര ബാലൻസും കീപ് ചെയ്യുക . നെറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട .ഒരുകണക്കിന് അതാണ് നല്ലതും. എല്ലാത്തിൽ നിന്നും ഒന്ന് വിട്ടു നിന്ന് പ്രകൃതിയോട് ചേരുക.

റേഞ്ച് വന്നപ്പോഴേക്കും എന്നെ കാത്തു നിന്ന റാഷിദിന്റെ കാൾ വന്നിരുന്നു. എനിക്ക് അങ്ങോട്ട് പോവാൻ സഹായിച്ച സുഹൃത്തായ സയിദിന്‍റെ കസിൻ ആണ് റാഷി . പരിചയപ്പെട്ട ശേഷം റാഷിയുടെ ബൈക്കിൽ, താമസം ഒരുക്കിയ ക്വാർട്ടേഴ്സിലേക്ക് പോയി . അതിസുന്ദരമായ ദ്വീപിന്റെ മണ്ണിൽ ഞാന്‍ കുത്തിയിരിക്കുന്നു . വർഷങ്ങളായി മനസ്സിലുള്ള ഒരാഗ്രഹം കൂടെ സാധിച്ചിരിക്കുന്നു ദൈവത്തിനു സ്‌തുതി .

വളരെ ചെറിയ കോണ്‍ക്രീറ്റ്‌ റോഡുകൾ . തണൽ നിറഞ്ഞ വഴിയോരങ്ങൾ . തണുത്ത കാറ്റ് . റോഡിന്റെ ഇരുവശവും ചെറിയ കെട്ടിടങ്ങൾ. റാഷി ജോലി ചെയ്യുന്ന പിഡബ്ലിയുഡി ഓഫീസും മിനിക്കോയ് ആശുപത്രിയും എല്ലാം പിന്നിലാക്കി ഞങ്ങൾ റൂമിനു മുന്നിലെത്തി . ഓടിട്ട ചെറിയൊരു വീട് ,അടുത്തടുത്തായി ഒരേപോലെ വേറെയും വീടുകൾ . ബാഗ് വെച്ച് പെർമിഷൻ എടുത്ത് ആദ്യം പോയത് പോലീസ് സ്റ്റേഷനിലേക്കാണ് .

സൈദിന്റെ മറ്റൊരു കസിൻ അവിടിത്തെ പോലീസ് ഓഫീസർ ആണ്. ഫയാസ് . ഇവർ രണ്ടുപേരുമാണ് എന്നെ ദ്വീപിൽ നോക്കുന്നവർ . യാത്രകൾ നൽകുന്ന ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങളാണ് . ദ്വീപിലെ മാണിക്യങ്ങൾ തന്നെയാണ് രണ്ടുപേരും . സ്റ്റേഷനിലെ ഫോര്‍മാലിറ്റീസ് തീർത്തു വീട്ടിലേക്ക് വിളിച്ച് എത്തിയ വിവരം അറിയിച്ചു . ആദ്യ ഭാഗത്തു പറഞ്ഞ പെണ്ണുകാണൽ ചടങ്ങ് എല്ലാവർക്കും ഇഷ്ടമായെന്നും ഞാൻ നാട്ടിലെത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും പറഞ്ഞു . ദ്വീപിൽ എത്തി കേട്ട ആദ്യത്തെ നല്ല വാർത്ത അതായിരുന്നു .

എത്രയും പെട്ടെന്ന് തന്നെ ദ്വീപിന്റെ കാഴ്ചകളിലേക്ക് ഇറങ്ങാൻ മനസ്സ് കൊതിച്ചു. ഇടതൂർന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളാണ് ദ്വീപ് മുഴുവൻ .ഒരു എട്ട് കിലോമീറ്ററിലധികം ഉണ്ടാകില്ല ദ്വീപ് മുഴുവൻ ചുറ്റി വരാൻ എന്നെനിക്ക് തോന്നി . ഏറ്റവും വലിയൊരു ഭാഗ്യമായി എനിക്ക് തോന്നിയത് ഞാൻ ഒരിക്കലും ഒരു ടൂറിസ്റ്റ് ആയിരുന്നില്ല ദ്വീപിൽ. അവരിൽ ഒരാളെ പോലെ ബൈക്കോടിച്ചു ദ്വീപിലെ റോഡുകളിലൂടെ ചുമ്മാ കറങ്ങി കുറച്ചു നേരം. ഏകദേശം വഴികളുടെ ഐഡിയ എനിക്ക് തരിക എന്നതായിരുന്നു റാഷിദിന്റെ ഉദ്ദേശം. രണ്ടു ഹോട്ടലുകൾ , ഒരു മൂന്ന് ചായക്കട . അഞ്ചോ ആറോ ഓട്ടോറിക്ഷ , കൂടുതലും ബൈക്കുകളും സൈക്കിളും .

ആദ്യം റാഷിയുമായി പോയത് 1885ൽ നിർമ്മിതമായ കൂറ്റൻ ലൈറ്റ് ഹൗസ് കാണാനാണ് . ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ഇഷ്‍ടികകള്‍ ആണ് അതിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചതെന്ന് അറിയാൻ കഴിഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന ടൂറിസ്റ്റുകൾ ഞങ്ങളെക്കാൾ മുൻപ് അവിടെ എത്തിയിരുന്നു . പത്തുരൂപ ടിക്കറ്റ് ചാര്‍ജ്ജും കൊടുത്തു ഞാനും റാഷിയും കൂടെ 200 നു മുകളിൽ സ്റ്റെപ്പ് കയറി മേലെയെത്തി . ദ്വീപിന്റെയും കടലിന്റെയും മനോഹരമായ കാഴ്ചകൾ വിരുന്നൊരുക്കി . അത്രയും സ്റ്റെപ്പ് കയറിയത് കൊണ്ട് നന്നായി കിതയ്‍ക്കുന്നുണ്ടായിരുന്നു . ആന്ദ്രോത് ദ്വീപുകാരനായ റാഷി മൂന്നു വർഷമായി മിനിക്കോയിൽ ജോലി ചെയുന്നു എന്നിട്ടും ആദ്യമായാണ് അവൻ ലൈറ്റ് ഹൗസിന്റെ മുകളിൽ കയറുന്നത് . കുറച്ചു ഫോട്ടോസ് എടുക്കുമ്പോഴേക്കും താഴെ ഇറങ്ങാനുള്ള വിളി വന്നിരുന്നു . കപ്പൽ വന്നത് കൊണ്ട് ഒരുപാട് ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട് മിനിക്കോയിയെ കണാൻ.

തിരിച്ചു വരുന്ന വഴികളിൽ ഞാനാനവനോട് ആവശ്യപ്പെട്ടത് എനിക്ക് ദ്വീപിന്റെ മായക്കാഴ്ചകളേക്കാൾ കൂടുതൽ കാണേണ്ടത് ഉൾവഴികളും ഗ്രാമങ്ങളും ജീവിത രീതികളും വീടുകളും എല്ലാമാണെന്നാണ് . എല്ലാം കാണാമെന്നായിരുന്നു റാഷിയുടെ വാക്ക്. റാഷിദ് എനിക്ക് വേണ്ടി അന്ന് ലീവ് എടുത്തതാണ് . അടുത്ത ദിവസം മുഴുവൻ ഫയാസ് (പോലിസ് സുഹൃത്ത് ) ആണ് കൂടെയുണ്ടാകുക . ദ്വീപുകാരുടെ സ്നേഹത്തെ പറ്റി എഴുതാൻ ശ്രമിച്ചാൽ നിങ്ങൾ തിരകൾ എണ്ണിയിരിക്കുന്നതിനു തുല്യമാകും .

നാളെ: കടലാഴങ്ങളിലേക്കൊരു ഡൈവിംഗ്!

ആദ്യഭാഗം: വനിതകളുടെ ദ്വീപിലേക്കൊരു ഏകാന്തയാത്ര