ന്യൂഡല്‍ഹി: ആഢംബര കാറുകളുടെയും എസ്‍യുവികളുടെയും സെസ് ഉയര്‍ത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. സെസ് 15ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. ജൂലായ് ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതോടെ ഇവയുടെ വില കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് എസ്‌യുവി, ആഡംബര കാറുകളുടെ സെസ് ഉയര്‍ത്തുന്നതിന് ഓഗസ്റ്റ് 5ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
ജി.എസ്.ടി നിലവില്‍ വന്നതോടെ എസ്‌യുവികളുടെ വിലയില്‍ 1-1.3 ലക്ഷം വരെ കുറവ് വന്നിരുന്നു. എക്‌സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്‌സ്, വാറ്റ് തുടങ്ങി ഒരു ഡസനോളം കേന്ദ്ര, സംസ്ഥാന നികുതികളും ജിഎസ്ടിയുടെ വരവോടെ വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു.
നിലവില്‍ 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും ഉള്‍പ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നൽകേണ്ട നികുതി. സെസ് 25 ശതമാനമാക്കി വർദ്ധിപ്പിക്കുന്നതോടെ നികുതി 53 ശതമാനമാകും. നാല് മീറ്ററിലധികം നീളവും 1,500 സിസിയിൽ അധികം എഞ്ചിൻ കരുത്തുള്ള വാഹനങ്ങൾക്കുമാണ് 53 ശതമാനം നികുതി ഈടാക്കുക. 1200 സിസിയുള്ള വാഹനത്തിന് 28 ശതമാനം ജിഎസ്ടിയ്ക്ക് പുറമേ ഒരു ശതമാനം സെസും 1500 സിസി വരെയുള്ള വാഹനത്തിന് 3 ശതമാനം അധിക സെസും എന്ന നില തുടരും.
ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോൾ മധ്യനിര വാഹനങ്ങൾക്കും ആഡംബര വാഹനങ്ങൾക്കും ഒരേ നികുതി ഏർപ്പെടുത്തിയത് വിമർശനത്തിന് വഴി വച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് ആഡംബര കാറുകൾക്കും എസ്‍യുവികൾക്കും നികുതി കൂട്ടുന്നത്. കൂടുതല്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും ഒരേ നികുതിയാണെന്ന ആരോപണം ചെറുക്കാനും നികുതി ഉയര്‍ത്തുന്നതോടെ കേന്ദ്രത്തിനു കഴിയും.
