ദില്ലി: രാജ്യത്ത് ആഡംബര കാറുകള്‍ക്കും എസ്‍യുവികള്‍ക്കും വില കൂടും. ചരക്ക് സേവന നികുതി സെസ് ഉയര്‍ത്താന്‍ തീരുമാനിച്ചതാണ് കാരണം. ഇതോടെ ആഡംബര വാഹനങ്ങളുടെ നികുതി 53 ശതമാനമാകും. സ്‌പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളോ വലിയ സെഡാനോ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇനി 10 ശതമാനം നികുതി അധികം നല്‍കണം.

ആഡംബര കാറുകള്‍ക്കും എസ്‍യുവികള്‍ക്കും ചരക്ക് സേവന നികുതി സെസ് ഉയര്‍ത്താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‍റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനിച്ചു. നിലവില്‍ 28 ശതമാനം ജിഎസ്‌ടിയും 15 ശതമാനം സെസും ഉള്‍പ്പെടെ 43 ശതമാനമാണ് ഈ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നല്‍കേണ്ട നികുതി.

സെസ് 25 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ നികുതി 53 ശതമാനമാകും. നാല് മീറ്ററിലധികം നീളവും 1,500 സിസിയില്‍ അധികം എഞ്ചിന്‍ കരുത്തുള്ള വാഹനങ്ങള്‍ക്കുമാണ് 53 ശതമാനം നികുതി ഈടാക്കുക. 1200 സിസിയുള്ള വാഹനത്തിന് 28 ശതമാനം ജിഎസ്ടിയ്‌ക്ക് പുറമേ ഒരു ശതമാനം സെസും 1500 സിസി വരെയുള്ള വാഹനത്തിന് 3 ശതമാനം അധിക സെസും എന്ന നില തുടരും.

ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍ മധ്യനിര വാഹനങ്ങള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തിയത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് ആഡംബര കാറുകള്‍ക്കും എസ്‍യുവികള്‍ക്കും നികുതി കൂട്ടുന്നത്. കൂടുതല്‍ അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കുന്ന കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും ഒരേ നികുതിയാണെന്ന ആരോപണം ചെറുക്കാനും നികുതിയുയര്‍ത്തുന്നതോടെ കേന്ദ്രത്തിനാവും. നികുതി കൂട്ടാനുള്ള നിര്‍ദ്ദേശം ജിഎസ്‌ടി കൗണ്‍സില്‍ അംഗീകരിച്ചെങ്കിലും നിയമമാകുന്ന മുറയ്‌ക്കേ കാര്‍ വില കൂടൂ.