പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ബസുകള്‍ക്കു മുകളില്‍ പൂന്തോട്ടമൊരുക്കിയിരിക്കുകയാണ് ഒരു ട്രാന്‍സ്‍പോര്‍ട് കോര്‍പ്പറേഷന്‍. സ്പെയിന്‍റെ തലസ്ഥാനമായ മാഡ്രിഡിലെ ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനാണ് സിറ്റി ബസുകള്‍ക്കു മുകളില്‍ പൂന്തോട്ടം എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നഗരത്തിലെ ബസുകള്‍ക്കു പുറമേ വെയിറ്റിംഗ് ഷെഡുകള്‍ക്കും മുകളിലും പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി. മലിനീകരണവും ചൂടും ശബ്ദവും കുറയ്ക്കാനാണ് നഗരാധികൃതര്‍ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

ബസിനു മുകളില്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതിന് 175000 രൂപ (2500 യൂറോ)യാണ് ചെലവ്. എന്നാല്‍ വെയ്റ്റിംഗ് ഷെഡിനു മുകളില്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണ്. നഗര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ആറ് പദ്ധതികളില്‍ ഒന്നാണ് പൂന്തോട്ടം വച്ച് പിടിപ്പിക്കല്‍. ഒരു കോടി 70 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന രണ്ട് റൂട്ടുകളിലാണ് പദ്ധതിയുടെ പൈലറ്റ് നടത്തുക.