മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ E2O പ്ലസ് കേരള വിപണിയില്‍ എത്തി. പുതിയ ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച വാഹനത്തിന് 6.96 ലക്ഷമാണ് വില.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ E2O ഓടും. 85 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. നാല് പേര്‍ക്ക് യാത്ര ചെയ്യാം. ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്ന റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം വാഹനത്തെ വേറിട്ടതാക്കുന്നു. ഏറ്റവും കുറഞ്ഞ ടേണിങ് റേഡിയസും (4.35 മീറ്റര്‍) പവര്‍ സ്റ്റിയറിങ്ങുമാണുള്ളത്. ഹില്‍ അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, കാര്‍ ലോക്ക് /അണ്‍ലോക് സംവിധാനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ നിയന്ത്രിക്കാം.

ഡബിള്‍ ഡോര്‍ മോഡലായ e2o ഹാച്ച്ബാക്കിന്റെ ഫോര്‍ ഡോര്‍ വകഭേദമായ പുതിയ e2o പ്ലസ് P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ ലഭ്യമാകും. P2, P4, P6 വേരിയന്റുകളില്‍ 19kW ഇലക്ട്രിക് മോട്ടറിനൊപ്പം 48 V ബാറ്ററിയാണുള്ളത്, ഇത് വാഹനത്തിന് 70 എന്‍എം ടോര്‍ക്കും നല്‍കും. p 8 വേരിയന്റില്‍ 72V ബാറ്ററിയില്‍ 30kW ഇലക്ട്രിക് മോട്ടോര്‍ 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ടോപ് വേരിയന്റില്‍ ഒന്നര മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. നീളം മുന്‍ മോഡലില്‍നിന്ന് 310 എംഎം വര്‍ധിപ്പിച്ച് 3590 എംഎം ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 300 എംഎം വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ സിസ്റ്റത്തില്‍ ജിപിഎസ് സൗകര്യത്തോടെയുള്ള നാവിഗേഷന്‍ സംവിധാനവും ലഭ്യമാണ്.