മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡിന്‍റെ(എം ടി ഡബ്ല്യു എൽ) ഗീയർരഹിത സ്കൂട്ടര്‍ ഗസ്റ്റോയുടെ പുതിയവകഭേം ഗസ്റ്റോ ആർ എസ് പുറത്തിറക്കി. കാഴ്ചയിലെ മാറ്റം ഒഴിവാക്കിയാൽ സാങ്കേതികവിഭാഗത്തിൽ ഗസ്റ്റോ തന്നെയാണു ഗസ്റ്റോ ആർ എസും. ചുവപ്പും വെളുപ്പും, നീലയും വെളുപ്പും എന്നീ ഇരട്ട വർണ സങ്കലനങ്ങളിലാണു ഗസ്റ്റോ ആർ എസ് എത്തുന്നത്. ഇതോടൊപ്പം പുത്തൻ ഗ്രാഫിക്സും സ്കൂട്ടറിനുണ്ട്.

110 സി സി, സിംഗിൾ സിലിണ്ടർ, എം ടെക് എൻജിനാണ് ഗസ്റ്റോയ്ക്കു കരുത്തേകുന്നത്. പരമാവധി എട്ടു പി എസ് കരുത്തും ഒൻപത് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വേരിയോമാറ്റിക് സി വി ടിയാണ് ട്രാൻസ്മിഷന്‍.

സ്കൂട്ടർ മെയിൻ സ്റ്റാൻഡിൽ ഇടാതെ തന്നെ സ്റ്റാർട് ചെയ്യാൻ അനുവദിക്കുന്ന ഫോർവേഡ് കിക് സ്റ്റാർട്ട്, എൽ ഇ ഡി പൈലറ്റ് ലാംപ് സഹിതമുള്ള ഹെഡ്ലാംപ് തുടങ്ങിയവയും ഗസ്റ്റോ ആർ എസിന്‍റെ പ്രത്യേകതകളാണ്. കൂടാതെ മികച്ച യാത്രാസുഖത്തിനായി 12 ഇഞ്ച് വീലുകളും ടെലിസ്കോപിക് ഫോർക്കും സ്കൂട്ടറിലുണ്ട്. പെട്രോൾ ലീറ്ററിന് 60.25 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ വിപണിയിലുള്ള ഡി എക്സ്, എച്ച് എക്സ് പതിപ്പുകൾക്ക് ഇടയിലായാണ് ആർ എസിനു സ്ഥാനം. ഹോണ്ട ആക്ടീവ, ടി വി എസ് ജുപ്പീറ്റർ, ഹീറോ മാസ്ട്രോ, ടി വി എസ് സ്കൂട്ടി സെസ്റ്റ് തുടങ്ങിയവയാണ് പുതിയ ഗസ്റ്റോയുടെ മുഖ്യ എതിരാളികള്‍.

ഡൽഹി എക്സ്ഷോറൂമില്‍ 48,110 രൂപ വിലയിലാണ് വാഹനം ലഭ്യമാകുക. പേ ടി എം മാൾ ആപ്ലിക്കേഷൻ വഴിയോ സൈറ്റ് വഴിയോ ഗസ്റ്റോ ആർ എസ് വാങ്ങുന്നവർക്ക് 6,000 രൂപയുടെ കാഷ്ബാക്കും വാഗ്ദാനമുണ്ട്.