Asianet News MalayalamAsianet News Malayalam

ഒടുവില്‍ അവതരിക്കുന്നു; ഫോര്‍ച്യൂണറിനുള്ള മഹീന്ദ്രയുടെ ആ എതിരാളി!

Mahindra to launch new SsangYong Rexton launch in 2018
Author
First Published Sep 17, 2017, 7:33 AM IST

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവി മോഡലുകളോടു പോരാടാന്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുകെ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന സാങ്‌യോങ് റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളെയൊക്കെ ശരിവക്കുന്നതാണ് 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

ടൊയോട്ട ഫോര്‍ച്യൂണറിനെ നേരിടാന്‍ പുതുതലമുറ സാങ്‌യോങ് റെക്‌സറ്റണ്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നും അടുത്ത ദീപാവലി ഉത്സവ സീസണോടനുബന്ധിച്ചാകും റെക്‌സ്റ്റണിന്റെ അരങ്ങേറ്റമെന്നും മഹീന്ദ്ര അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ മഹീന്ദ്ര ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് രാജന്‍ വദേരയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയിത്.

കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV 500-നും മുകളിലാവും പുതിയ റെക്സ്റ്റണിന്റെ സ്ഥാനം. ഉയര്‍ന്ന നികുതി ഭാരം കുറയ്ക്കാന്‍ റെക്സ്റ്റണ്‍ ഇന്ത്യയില്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുക. LIV-2 കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്ത വാഹനത്തിന് G4 റെക്സ്റ്റണ്‍ (Great 4 Revolution) എന്നാണ് കമ്പനി നല്‍കിയ മുഴുവന്‍ പേര്.

നിലവിലുള്ള മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവായിരിക്കും പുതിയ മോഡലിന്. അതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പിക്കാം. പുതുക്കിപ്പണിത ബംമ്പര്‍, ഹെഡ്ലാംമ്പ്, ബ്ലാക്ക് ബോഡി ക്ലാഡിങ് എന്നിവയാണ് മുന്‍ ഭാഗത്തെ പ്രധാന മാറ്റം. കഴിഞ്ഞ സോള്‍ മോട്ടോര്‍ ഷോയിലാണ് G 4 റെക്‌സറ്റണ്‍ ആദ്യമായി അവതരിപ്പിച്ചത്‌.

ഇന്ത്യന്‍ സ്‌പെക്കിന്റെ എഞ്ചിന്‍ ശേഷി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗ്ലോബല്‍ സ്‌പെക്കിലെ 184 ബി.എച്ച്.പി കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ അതേപടി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂഡ് ലൈറ്റിങ്, പിന്‍ സീറ്റ് യാത്രികര്‍ക്കായി 10.1 ഇഞ്ച് ഡിസ്‌പ്ലേ, 9 എയര്‍ബാഗ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രേണിക് സ്റ്റെബിലിറ്റി പ്രൊട്ടക്ഷന്‍, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തും. 4.85 മീറ്റര്‍ നീളവും 1.96 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവുമുള്ള സീറ്റുകളില്‍ മാസാജിങ് ഫങ്ഷനും ഉണ്ടാകും.

ഫോര്‍ച്യൂണറിന് പുറമേ ഫോര്‍ഡ് എന്‍ഡവറും റെക്‌സറ്റന്‍റെ എതിരാളിയാവും. പരമാവധി 25-30 ലക്ഷത്തിനുള്ളിലാവും വിലയെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios