രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി TUV 300-ന് പുതിയ ടോപ് വേരിയന്റ് അവതരിപ്പിച്ചു. 9.75 ലക്ഷം രൂപ ആരംഭവിലയിലാണ് TUV300 ന്റെ പുതിയ പതിപ്പിന്റെ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ കരുത്ത് കൂട്ടി TUV 300 T10 എന്ന് പേരിട്ട പതിപ്പിന് അകത്തും പുറത്തും രൂപത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. 10.65 ലക്ഷം രൂപയാണ് TUV300 T10 ടോപ് വേരിയന്റ്, ഡ്യൂവല്‍ ടോണ്‍ എഎംടി പതിപ്പിന്റെ വില. T10, T10 ഡ്യൂവല്‍ ടോണ്‍, T10 AMT, T10 AMT ഡ്യൂവല്‍ ടോണ്‍ എന്നീ നാല് വ്യത്യസ്ത വേരിയന്റുകളിലായാണ് മഹീന്ദ്ര TUV300 T10 ഒരുങ്ങിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ വിപണിയിലുള്ള മോഡലിന്റെ തനിപകര്‍പ്പാണ് പുതിയ വാഹനവും. 100 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ mHawk100 ഡീസല്‍ എഞ്ചിനാണ് TUV300 T10 കരുത്തുപകരുന്നത്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും പുതിയ പതിപ്പില്‍ മഹീന്ദ്ര ലഭ്യമാക്കുന്നു.

അലോയ് വീലുകളും, റിയര്‍ സ്‌പോയിലറും, ഗ്രില്ലിനും ഫോഗ് ലാമ്പുകള്‍ക്കും ലഭിച്ച ബ്ലാക് ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ പതിപ്പിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. മെറ്റാലിക് ഗ്രെയ് ഫിനിഷ് നേടിയതാണ് ബ്ലാക്ഡ്-ഔട്ട് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും, റൂഫ് റെയിലും, ടെയില്‍ ഗെയിറ്റ് സ്‌പെയര്‍ വീല്‍ കവറും വാഹനത്തെ വേറിട്ടതാക്കുന്നു.

ലമ്പാര്‍ഡ് സ്‌പ്പോര്‍ട്ടോട് കൂടിയ ഫെക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഇന്‍റീരിയറിലെ പ്രധാന ഫീച്ചറുകളിലൊന്ന്. ഒപ്പം ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.


വെര്‍വ് ബ്ലൂ, ഡയനാമൈറ്റ് റെഡ്, മോള്‍ട്ടന്‍ ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, മജസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്, ബ്രോണ്‍സ് ഗ്രീന്‍ നിറഭേദങ്ങളിലാണ് TUV300 T10 ഒരുങ്ങുന്നത്. ബ്ലാക്/റെഡ്, ബ്ലാക്/സില്‍വര്‍ എന്നീ ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്‌കീമും മോഡലില്‍ ലഭ്യമാണ്.

മാപ്‌മൈഇന്ത്യ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മഹീന്ദ്ര ബ്ലൂ സെന്‍സ് ആപ്പ് കണക്ടിവിറ്റിയ്ക്ക് ഒപ്പം ഒരുങ്ങിയതാണ് ഇന്റീരിയറിലെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡാണ് പുതിയ പതിപ്പില്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, രണ്ടാം നിരയിലെ ISOFIX മൗണ്ടുകള്‍ എന്നിവയാണ് മഹീന്ദ്ര TUV300 T10 ലെ സുരക്ഷാ സജ്ജീകരണങ്ങള്‍.