Asianet News MalayalamAsianet News Malayalam

മോഹവിലയിലെത്തുന്ന മഹീന്ദ്ര എക്സ്‌യുവി 700ന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Mahindra XUV700 teaser video released
Author
First Published Feb 5, 2018, 3:21 PM IST

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികള്‍ക്കു കനത്ത വെല്ലുവിളിയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ എക്സ്‌യുവി 700 വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്ത് സജീവമാണ്. ഇക്കാര്യം ഏകദേശം ഉറപ്പായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച നടക്കുന്ന ദില്ലി ഓട്ടോ എക്സോപയില്‍ വാഹനം അവതരിപ്പിക്കും. പതിനാലാമത് ഓട്ടോഎക്സ്പോയ്ക്ക് മുന്നോടിയായി മഹീന്ദ്ര പുറത്തിറക്കിയ ടീസർ വിഡിയോയിലാണ് പുതിയ ഏഴു സീറ്റർ വാഹനത്തിന്റെ  കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക.  ഫെബ്രുവരിയില്‍ ദില്ലിയില്‍ നടക്കുന്ന രാജ്യാന്തര വാഹന മേളയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ ഒക്ടോബറിൽ വിപണിയിലെത്തിക്കും എന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. വൈ 400 എന്നാണ് ഇന്ത്യയിലെത്തുന്ന വാഹനത്തിന്‍റെ കോഡ് നാമം.

പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും എക്സ്‌യുവി 700 എത്തുക. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 181 ബിഎച്ചിപി കരുത്തും  1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാന്വല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളും ഒപ്പം  5 സീറ്റർ ഏഴ് സീറ്റർ വകഭേദങ്ങവും ലഭ്യമാണ്. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനത്തിന്‍റെ വീല്‍ ബേയ്‍സ് 2865 എംഎമ്മാണ്. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം.  

9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ്‌ യു വിയിലുണ്ട്.  

മോഹിപ്പിക്കുന്ന വിലയാണ് വാഹനത്തിന്‍റെ മറ്റൊരു വലിയൊരു പ്രത്യേകത. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും എക്സ്‌യുവി 700 എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios