പെരുമ്പാമ്പുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. മലേഷ്യയിലാണ് സംഭവം. 12 അടിയോളം നീളമുള്ള പെരുമ്പാമ്പുമായി മോപ്പഡില്‍ സഞ്ചരിച്ച 35 കാരനായ സായിം ഖാലിസ് കൊസ്നാൻ ആണ് കൊല്ലപ്പെട്ടത്. പെരുമ്പാമ്പിന്റെ പിടിയിൽ അമർന്നായിരുന്നു മരണം.
പടിഞ്ഞാറൻ മലേഷ്യയിലെ ക്വാല ലങ്കടിലാണ് സംഭവം. വഴിയരികിൽ പാമ്പ് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. പാമ്പുമായി മോപഡിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് പാമ്പ് ഇയാളെ വരിഞ്ഞു മുറുക്കി കൊന്നതെന്നാണ് നിഗമനം.
പിടിച്ച പാമ്പുമായി തനിയെയാണ് സായിം ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. പാമ്പിനെ വിൽക്കാനായിരുന്നു സായിമിന്റെ തീരുമാനം. ഒരു കൈകൊണ്ട് പാമ്പിന്റെ തലയിൽ മുറുക്കെപ്പിടിച്ചായിരുന്നു യാത്ര. ഇടയ്ക്ക് കൈയിൽ നിന്നും വഴുതിയ പാമ്പ് ശരീരത്തിൽ വരിഞ്ഞുമുറുക്കിയതാവാമെന്നാണ് കരുതുന്നത്.
പുലർച്ചെയെത്തിയ വഴിയാത്രക്കാരാണ് പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിൽ ഇയാളെ കണ്ടെത്തിയത്. ശരീരത്തിൽ ചുറ്റിയിരുന്ന പാമ്പിനെ തല്ലിക്കൊന്ന ശേഷം നീക്കം ചെയ്തെങ്കിലും സായിം അപ്പോഴേക്കും മരിച്ചിരുന്നു.
