മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടിയുടെയും മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍റെയും വാഹനപ്രേമം പ്രസിദ്ധമാണ്. ഇരുവരുടെയും വാഹന ഭ്രമത്തെപ്പറ്റി പലപ്പോഴും പല വാര്‍ത്തകളും പുറത്തുവരാറുണ്ട്. ഇവരുടെ സമ്പന്നമായ വാഹന ഗാരേജുകളുടെ വിശേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്കും വാഹനപ്രേമികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാവണം മമ്മൂട്ടി ഹാർലി ഡേവിഡ്‍സൺ ബൈക്ക് ഓടിച്ചു പോകുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർ പീസിന്‍റെ ലോക്കേഷന്‍ വീഡിയോ ആണിത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഹാർലി ഓടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അമേരിക്കൻ നിർമാതാക്കളായ ഹാർലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് ചിത്രത്തില്‍ മമ്മൂട്ടി ഓടിക്കുന്നത്. ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി പുറത്തിറക്കുന്ന പുതിയ മോഡലായ സ്ട്രീറ്റ് 750 തന്നെയാണ് ഹാര്‍ലി ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കും. ഹാര്‍ലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷന്‍ എക്‌സ് പ്രകാരം തയാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750-ൽ നല്‍കിയിരിക്കുന്നത്. ഹാര്‍ലിയുടെ പരമ്പരാഗത എയര്‍കൂള്‍ എൻജിന് മാറ്റി അതിനു പകരം ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഹാര്‍ലി 750നു നല്‍കിയിരിക്കുന്നത്. 60 ഡിഗ്രി വി-ട്വിന്‍ നാല് വാല്‍വ് എൻജിന്‍ 4000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കും. നേരത്തെ യുവനടനും സംവിധായകനുമായ സൗബിന്‍ സഹീര്‍ സ്ട്രീറ്റ് ഓടിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

എന്തായാലും യുവാക്കളെ വെല്ലുന്ന അനായസയതയോടെയാണ് മമ്മൂട്ടി ഹാര്‍ലിയെ കൈകാര്യം ചെയ്‍തിരിക്കുന്നത്. സ്‍പീഡില്‍ ഓടിച്ചു വരുന്നതും പെട്ടെന്ന നിര്‍ത്തുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം.