എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള കോംപാക്റ്റ് എസ് യു വികൾ ഇന്ത്യയിലെ ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണ്. ഈ സെഗ്മെന്‍റില്‍ കരുത്തനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ. കാരണം 2017ലെ വില്‍പ്പന കണക്കുകള്‍ അതാണ് പറയുന്നത്. ഫോഡ് ഇക്കോസ്പോർട്ട്, ഹോണ്ട ഡ ബ്ല്യു ആർ–വി, നെക്സോൺ, ടി യു വി 300 തുടങ്ങിയവരോട് പോരടിച്ചാണ് ബ്രെസയുടെ ഈ നേട്ടം.

കോംപാക്റ്റ് എസ്‌ യു വി സെഗ്‌മെന്റിന്റെ 45 ശതമാനവും ബ്രെസയുടെ കൈകളിലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ വർഷം ഏകദേശം 140,945 ബ്രെസകളാണ് മാരുതി നിരത്തിലെത്തിച്ചത്. രണ്ടാം സ്ഥാനം ഫോഡ് ഇക്കോസ്പോർട്ടിനാണ്. 45,146 ഇക്കോസ്പോർട്ടുകള്‍ 2017ല്‍ വിപണിയിലെത്തി.

ഹോണ്ടയുടെ ഡബ്ല്യു ആർ വിയാണ് മൂന്നാം സ്ഥാനത്ത്. 40,124 യൂണിറ്റുകളാണ് ഹോണ്ട കഴിഞ്ഞ വർഷം വിറ്റത്. 27,724 യൂണിറ്റുകളുമായി ടിയുവി 300 നാലാം സ്ഥാനത്തും 26,604 യൂണിറ്റുകളുമായി മാരുതി എസ് ക്രോസ് അഞ്ചാം സ്ഥാനവും നേടി.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.