മാരുതി സുസുക്കിയുടെ ജനപ്രിയവാഹനം സെലേരിയോയുടെ ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി പുതിയ ക്രോസ്ഓവര്‍-ഹാച്ച്ബാക്ക് പുറത്തിറക്കി. സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കുന്ന വാഹനത്തിന് സെലേരിയോ എക്‌സ് എന്നാണ് പേര്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ആകെ എട്ട് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. 4.57 ലക്ഷം രൂപയാണ് സെലേരിയോ എക്‌സിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
മുൻഗ്രില്ലിൽ ‘എക്സ്’ പ്രമേയമാവുന്ന ഗ്രാഫിക്സും ഏറോഡൈനമിക് രൂപകൽപ്പനയുമാണ് സെലേറിയൊ എക്സിന്റെ പ്രധാന പ്രത്യേകത. സ്റ്റാന്റേര്‍ഡ് സെലേരിയോ ഹാച്ച്ബാക്കിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട് വാഹനത്തിന്. 3715 എംഎം നീളവും 1635 എംഎം വീതിയും 1565 എംഎം ഉയരവും കൈവരിച്ചപ്പോള്‍ വീല്‍ബേസ് 2425 എംഎം ആയി തുടരും. 120 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 235 ലിറ്റര്‍ ബൂട്ട്സ്പേസ് കപ്പാസിറ്റിയും 35 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും വാഹനത്തിനുണ്ട്.
സൈഡ് ബോഡിയിലും പിൻബംപറിലും പ്രൊട്ടക്ടീവ് ക്ലാഡിങ്ങും പിന്നിൽ സ്കിഡ് പ്ലേറ്റും വാഹനത്തെ വേറിട്ടതാക്കുന്നു. ബി പില്ലറിനു കറുപ്പു നിറമാണ്. കാറിന്റെ ഗ്രിൽ, ഫോഗ് ഗാർണിഷ്, ക്ലാഡ്, റൂഫ് ഗാർണിഷ്, അകത്തളത്തിലെ അക്സന്റ് തുടങ്ങിയവയിൽ വ്യക്തതയ്ക്കായി ഗ്ലോസ് ബ്ലാക്കിന്റെ പിൻബലവും മാരുതി സുസുക്കി തേടിയിട്ടുണ്ട്. മുന്നില്‍നിന്ന് ആരംഭിച്ച് പിന്നിലേക്ക് നീളുന്ന ബ്ലാക്ക് ക്ലാഡിങ്, റിയര്‍ ബംമ്പര്‍, ബ്ലാക്ക് റൂഫ് റെയില്‍സ്, ഗ്രില്‍ എന്നിവ സെലേരിയോ എക്സിനെ വ്യത്യസ്തമാക്കും.
ഹാച്ച്ബാക്ക് സെലേരിയോയില്‍ നിന്ന് പുതിയ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 6000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT യാണ് ട്രാന്‍സ്മിഷന്‍.
ഡ്യുവല്‍ടോണ്‍ ഫ്രെണ്ട് ബംമ്പര്‍, മിറര്‍ ഇന്‍ഡികേറ്റര്‍ ലൈറ്റ്, ടില്‍റ്റ് സ്റ്റിയറിങ്, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, റിയര്‍ വൈപര്‍, കീലെസ് എന്‍ട്രി, 6 സ്‌പോക്ക് 14 ഇഞ്ച് അലോയി വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഫോഗ് ലാംമ്പ്, പിന്നില്‍ സില്‍വര്‍ സ്‌കഫ് പ്ലേറ്റ് എന്നിവയാണ് സെലേരിയോ എക്‌സിന്റെ സവിശേഷതകള്‍. ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവ സുരക്ഷ നല്‍കും.
പപ്രിക ഓറഞ്ചാണു സെലേറിയൊ എക്സിന്റെ സവിശേഷ നിറം. ഇതോടൊപ്പം മാറ്റ്, ഗ്ലോസി ബ്ലാക്ക് കലരുന്നതോടെ കാറിന്റെ വ്യക്തിത്വം വേറിട്ടു നിൽക്കുമെന്നാണു നിർമാതാക്കളുടെ കണക്കുകൂട്ടൽ. ആർടിക് വൈറ്റ്, ഗ്ലിസനിങ് ഗ്രേ, കഫീൻ ബ്രൗൺ, ടോർക് ബ്ലൂ നിറങ്ങളിലും വാഹനം വിപണിയിലെത്തും. റെനോ ക്വിഡ് ക്ലൈബംര്‍, വരാനിരിക്കുന്ന ഫോര്‍ഡ് ഫിഗോ ക്രോസ് എന്നിവയാണ് സെലേരിയോ എക്സിന്റെ മുഖ്യ എതിരാളികള്‍.
രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറുകളിലൊന്നായ സെലേറിയൊ 2014ലായിരുന്നു അരങ്ങിലെത്തുന്നത്. മൂന്നു ലക്ഷത്തോളം സെലേറിയോയാണു ഇതുവരെ വിറ്റഴിഞ്ഞത്. മാരുതി ശ്രേണിയിൽ ആദ്യമായി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) എന്നു കമ്പനി വിളിക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഇടംപിടിച്ചതും സെലേറിയൊയിലായിരുന്നു.
