പുതുതലമുറയെ ലക്ഷ്യമാക്കിയുള്ള കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് അടുത്ത മാസം നടക്കുന്ന ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായി. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് എന്നു പേരിട്ട ഇതിന്റെ ചിത്രങ്ങള്‍ മാരുതി ജനുവരി ആദ്യവാരം പുറത്തുവിട്ടിരുന്നു.

ചെറു എസ്‌യുവി സെഗ്‌മെന്റിലേക്കായിരിക്കും മാരുതിയുടെ ഈ പുതിയ കാര്‍ എത്തുക. ചെറു എസ്‌യുവി സെഗ്‌മെന്റിലെത്തുന്ന വാഹനത്തിനു വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1.2 ലീറ്റർ പെട്രോൾ എൻജിൻ കൂടാതെ മാരുതി വികസിപ്പിക്കുന്ന പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനുമുള്ള വാഹനത്തിന്‍റെ നിര്‍മ്മാണം പുതിയ സ്വിഫ്റ്റ് നിർമിക്കുന്ന മാരുതിയുടെ പുതുതലമുറ പ്ലാറ്റ്ഫോമിലായിരിക്കും. എൻട്രി ലെവൽ എസ്‌യുവി സെഗ്‌മെന്റ് സൃഷ്ടിച്ച് അതിൽ ഫ്യുച്ചർ എസിന്റെ അരങ്ങേറ്റം കുറിക്കാനായിരിക്കും മാരുതി ശ്രമിക്കുക.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി തുടങ്ങിയവയായിരിക്കും വാഹനത്തിന്റെ പ്രത്യേകത. ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന വാഹനം 2019-ല്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

2018 ഒടുവിലോ 2019 തുടക്കത്തോടെ ഫ്യൂച്ചര്‍ എസിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.