ചരിത്രനേട്ടവുമായി മാരുതി സുസുക്കി രാജ്യത്ത് രണ്ടുകോടി കാറുകൾ‌ നിര്‍മ്മിക്കുന്ന ആദ്യ കമ്പനി

വാഹനനിര്‍മ്മാണത്തില്‍ ചരിത്രനേട്ടവുമായി രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കി. രാജ്യത്ത് ആദ്യമായി രണ്ടുകോടി കാറുകൾ‌ നിർമിക്കുന്ന വാഹന നിർമാതാക്കൾ എന്ന റെക്കൊർഡാണ് മാരുതി സ്വന്തമാക്കിയത്. കമ്പനിയുടെ ആസ്ഥാനമായ ജപ്പാനിലെ റെക്കോഡാണ് 35 വർഷം കൊണ്ട മാരുതി ഇന്ത്യയില്‍ തിരുത്തിക്കുറിച്ചത്. ജപ്പാനു പുറത്ത് സുസുക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ബ്രെസയാണ് കമ്പനിയുടെ ഉൽപ്പാദനം രണ്ടു കോടിയിലെത്തിച്ചത്. 

1983 ഡിസംബറിലാണ് മാരുതി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ചെറുഹാച്ച്ബാക്കായ മാരുതി 800 നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. സുസുക്കി ജപ്പാൻ 45 വർഷവും 9 മാസവുമെടുത്താണ് രണ്ട് കോടി കോർ നിർമ്മിച്ചത്. എന്നാൽ മാരുതി സുസുക്കി ഇന്ത്യ 34 വർഷവും 5 മാസവും കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയെന്നതാണ് ശ്രദ്ധേയം.

10 മില്ല്യൺ കാറുകളാണ് 2011 ൽ മാരുതി സുസുക്കി വിറ്റഴിച്ചത്. ആൾട്ടോയാണ് ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട മോഡൽ. 3.17 മില്ല്യൺ യൂണിറ്റ് ആൾട്ടോയാണ് കമ്പനി വിറ്റത്. 2017 ൽ 1.78 മില്ല്യൺ യൂണിറ്റായിരുന്നു ഇന്ത്യയിൽ നിർമിച്ചത്. ഇതിൽ 1.65 മില്ല്യൺ യൂണിറ്റ് ഇന്ത്യയിൽ തന്നെ വിറ്റു. യൂറോപ്പിലേക്കും ജപ്പാൻ, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ നൂറിൽ പരം രാജ്യങ്ങളിലേക്കും 130,000 യൂണിറ്റുകൾ കയറ്റി അയക്കുകയും ചെയ്തു.

ആദ്യ 50 ലക്ഷം പിന്നിടാൻ 21 വർഷം കാത്തിരിക്കേണ്ടി വന്ന മാരുതി പിന്നീടുള്ള 13 വർഷം കൊണ്ട് 1.5 കോടി കാറുകൾ നിർമിച്ചു. 50 ലക്ഷത്തിൽ നിന്ന് ഒരുകോടി വരെ 72 മാസം കൊണ്ടു നിര്‍മ്മിച്ചു. ഒരുകോടിയിൽ നിന്ന് 1.5 കോടി വരെ 50 മാസം കൊണ്ടും 1.5 കോടിയിൽ നിന്ന് രണ്ടു കോടി വരെ 38 മാസം കൊണ്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഇന്ദിരാ ഗാന്ധി സർക്കാർ കമ്പനി ദേശീയസാൽക്കരിച്ചത് മുതൽ രാജ്യത്തിൻറെ മൊത്തം വാഹന വ്യവസായ വികസനത്തിൽ കമ്പനി നിർണായക പങ്കാണ് വഹിച്ചത്. ഗുഡ്ഗാവ്, മനേസർ പ്ലാൻറുകളിലാണ് മാരുതി സുസുക്കി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡിസയർ, ബലേനോ, ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ, വിടാര ബ്രെസ്സ ഉൾപ്പെടുന്ന 16 തരം മോഡലുകളാണ് മാരുതി നിർമ്മിക്കുന്നത്.