2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു വിറ്റാര ബ്രേസ.

ആവശ്യക്കാരേറിയതോടെ വിറ്റാര ബ്രേസയുടെ ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ആറു മുതല്‍ പത്തുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ബുക്കിംഗുകൾ കൂടിയപ്പോൾ വിറ്റാരയ്ക്കുള്ള കാത്തിരിപ്പു സമയവും ദീർഘിപ്പിക്കേണ്ടതായി വന്നു. നിലവിൽ ഏഴുമാസത്തോളമുള്ള കാത്തിരിപ്പാണ് വിറ്റാരയ്ക്ക് ആവശ്യമായി വന്നിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ എന്ന ബഹുമതിയും വിറ്റാരയ്ക്ക് ലഭിച്ചു. ഉയർന്നു വന്ന ഡിമാന്റുകൾ കാരണം വിറ്റാരയുടെ വേരിയന്റുകൾക്ക് അനുസരിച്ചാണ് വെയിറ്റിംഗ് പിരീയഡും നിർണയിച്ചിരിക്കുന്നത്.

വാഹനത്തിനവ്‍റെ പ്രതിമാസ വില്‍പ്പന മിക്ക മാസങ്ങളിലും 10,000 പിന്നിട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ 10,232 യൂണിറ്റിന്റെയും ഒക്ടോബറില്‍ 10,056 യൂണിറ്റുമായിരുന്നു വില്‍പ്പന. ഒക്ടോബറില്‍ത്തന്നെ വിറ്റാര ബ്രേസയുടെ മൊത്തം വില്‍പ്പന 60,000 യൂണിറ്റ് പിന്നിട്ടിരുന്നു.

വാഹനത്തിലെ 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനു പരമാവധി 89 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. നിലവിൽ വിറ്റാരയുടെ ഡീസൽ വകഭേദം മാത്രമാണ് ലഭ്യമായിട്ടുള്ളത്. എഎംടി ഉൾപ്പെടുത്തിയിട്ടുള്ള പെട്രോൾ വേരിയന്റ് ഉടൻ തന്നെ വിപണിയിലെത്തുമെന്നും സൂചനയുണ്ട്.