രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആരാധകരായ വാഹനപ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. മാരുതി സുസുക്കി മോട്ടോർ കോർപറേഷന്റെ ഗുജറാത്ത് ശാലയിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി. ഇതോടെ ആവശ്യക്കാരേറെയുള്ള ബലേനൊയുടെയും സ്വിഫ്റ്റിന്റെയുമൊക്കെ ലഭ്യത മെച്ചപ്പെടുമെന്നാണ് കരുതുന്നത്. 2018 — 19ൽ ഗുജറാത്ത് ശാലയിൽ നിന്ന് രണ്ടര ലക്ഷത്തോളം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവുമെന്നാണു സുസുക്കിയുടെ കണക്കുകൂട്ടൽ.

പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണു ഗുജറാത്ത് ശാലയിൽ നിന്നും പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. ഈ മാർച്ചിനകം ഗുജറാത്ത് ശാലയിൽ നിന്നും ഒന്നര ലക്ഷത്തോളം കാറുകൾ പുറത്തിറങ്ങുമെന്നാണു മാരുതിയുടെ പ്രതീക്ഷ.

എ, ബി ഷിഫ്റ്റുകളിലായി ഗുജറാത്ത് ശാലയുടെ ഉൽപ്പാദനം പൂർണതോതിലെത്തിയ സാഹചര്യത്തിൽ 2018 — 19ൽ 2.5 ലക്ഷം യൂണിറ്റ് ലഭിക്കുമെന്നു കരുതുന്നതായി മാരുതി സുസുക്കി ഇന്ത്യ സീനിയര്‍മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് കാൽസി വ്യക്തമാക്കി. ഗുജറാത്ത് ശാലയുടെ ഉൽപ്പാദനം വർധിക്കുന്നതോടെ ബലേനൊയ്ക്കു പുറമെ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയ്ക്കുള്ള കാത്തിരിപ്പും കുറയുമെന്നു കാൽസി വ്യക്തമാക്കി.