അത്യാധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ നമ്മുടെ വാഹനങ്ങള്‍ സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ടാകും. പ്രത്യേകിച്ചും കോടികള്‍ വിലയുള്ള ആഢംബരം കാറുകളുടെ ഉടമകള്‍ക്ക്. എന്നാല്‍ ഇത് വെറും മിഥ്യാധാരണയാണെന്നും കാലത്തിനൊത്ത് മോഷ്ടാക്കളും സ്മാര്‍ട്ടായെന്നുമാണ് ഇംഗ്ലണ്ടില്‍ നടന്ന ഈ സംഭവം തെളിയിക്കുന്നത്.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത മെര്‍സിഡീസ് കാറിനെ താക്കോല്‍ പോലുമില്ലാതെ നിമിഷനേരത്തിനുള്ളില്‍ മോഷ്ടിച്ച് കടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ട്രാന്‍സ്മിറ്റര്‍ റിലേ ഉപയോഗിച്ച് കാറിനെ കബളിപ്പിക്കുകയാണ് മോഷ്ടാക്കളുടെ പുതിയ രീതി. കീലെസ് എന്‍ട്രി സംവിധാനമുള്ള കാറുകളെയാണ് ട്രാന്‍സ്മിറ്റര്‍ റിലേ ഉപയോഗിച്ച് ഇവര്‍ കബളിപ്പിക്കുന്നത്. യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസാണ് മോഷ്ടാക്കളുടെ പുത്തന്‍ രീതി തുറന്ന് കാണിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സാധാരണ റിമോട്ട് ഫോബുകള്‍ അല്ലെങ്കില്‍ കീയില്‍ നിന്നും വ്യത്യസ്തമാണ് കീലെസ് ഫോബുകള്‍. കേവലം സ്മാര്‍ട്ട് ഫോബുകള്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട് തന്നെ കാര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും. ഡ്രൈവര്‍മാരെ സഹായിക്കുക ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ കീലെസ് എന്‍ട്രി എന്ന ആശയം ഒരുക്കിയിട്ടുള്ളത്.
എന്നാല്‍ ഇത് മോഷ്ടാക്കളെയാണ് കൂടുതല്‍ സഹായിക്കുന്നതെന്നാണ് പുതിയ സംഭവങ്ങല്‍ സൂചിപ്പിക്കുന്നത്. ഉടമയുടെ വീട്ടിനുള്ളിലുള്ള സ്മാര്‍ട്ട് കീയില്‍ നിന്നും ലഭിക്കുന്ന സിഗ്നലിനെ റിലേ ബോക്‌സ് ഉപയോഗിച്ച് മോഷ്ടാക്കള്‍ ആദ്യം സ്വീകരിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് റിലേ ബോക്‌സില്‍ നിന്നുള്ള സിഗ്നലിനെ കാറിന് സമീപത്തായുള്ള രണ്ടാം ബോക്‌സിലേക്ക് അയക്കും. പിന്നാലെ ബോക്‌സില്‍ നിന്നും കാറിലേക്കും സിഗ്നലുകള്‍ അയക്കപ്പെടും. തത്ഫലമായി യഥാര്‍ത്ഥ സ്മാര്‍ട്ട് ഫോബില്‍ നിന്നുമാണ് സിഗ്നല്‍ വരുന്നതെന്ന് കരുതി കാറിന്‍റെ ഡോര്‍ തനിയെ തുറക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനവുമായി ഇവര്‍ കടക്കുകയും ചെയ്യും.
