ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് ഡെഡ്‍പൂള്‍ രണ്ടാം ഭാഗം. അത്യുഗ്രന്‍ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്‍റെ ആദ്യഭാഗത്തെ ശ്രദ്ധേയമാക്കിയത്. അതുകൊണ്ടു തന്നെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ ഏറെ ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര സന്തോഷമുള്ളതല്ല. ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞ് ഒരു വനിതാ സ്റ്റണ്ട് റൈഡര്‍ മരണത്തിനു കീഴടങ്ങിയതാണ് പുതിയ വാര്‍ത്ത.

ബ്രിട്ടീഷ് കൊളമ്പിയയിലെ വാന്‍ക്വര്‍ നഗരത്തിലായിരുന്നു അപകടം. എസ് ജെ ഹാരിസ് എന്ന റൈഡറാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ ഒരു മതില്‍ ചാടിക്കടക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു അപകടം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജംമ്പിഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്യൂക്കാറ്റി ബൈക്ക് അടുത്തുള്ള ഗ്ലാസ് ചുവരില്‍ ഇടിച്ചു മറിയുകയായിരുന്നു. ഹാരിസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വച്ചു.

ഡെഡ് പൂളില്‍ സസിയെ ബീറ്റ്സ് അവതരിപ്പിക്കുന്ന ഡോമിനോ എന്ന കഥാപാത്രത്തിന്‍റെ ഡ്യൂപ്പായി ബൈക്കോടിക്കുകയായിരുന്നു ഹാരിസ്. അപകടസമയത്ത് ഹാരിസ് ഹെല്‍മറ്റ് ധരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊഫഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസറായ ഹാരിസ് 2013ലാണ് ലൈസന്‍സ് കരസ്ഥമാക്കുന്നത്. അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ അസോസിയേഷന്‍റെ റേസിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ആഫ്രോ അമേരിക്കന്‍ വനിതയുമാണ് ഹാരിസ്.

ഹോളിവുഡില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് റേസിംഗ് നടത്തിയ സിനിമകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിള്‍ 2, ജെയിംസ് ബോണ്ട് പുതിയ ചിത്രം തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ ഈ അപകടം ഡെഡ്‍പൂളിന്‍റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാഴ്‍ത്തുന്നു.