Asianet News MalayalamAsianet News Malayalam

വീടു വിറ്റ് വിമാനം നിര്‍മ്മിച്ചു; പ്രധാനമന്ത്രിയുടെ പേരുമിട്ടു

Mumbai man built airoplane earn flying licence
Author
First Published Nov 24, 2017, 9:43 PM IST

സ്വന്തം വീടുവിറ്റ പണംകൊണ്ട് അമോല്‍ യാദവ് എന്ന യുവാവ് ഒരു വിമാനം നിര്‍മ്മിച്ചു. അതും കുടുംബവീടിന്‍റെ ടെറസിലിരുന്ന്. ആറ് വര്‍ഷത്തെ നിരന്തര ശ്രമത്തിനൊടുവില്‍ ചിറകുമുളച്ചു  പറക്കാനൊരുങ്ങുന്ന ആറുസീറ്റുള്ള ആ സ്വപ്നത്തിന് അയാള്‍ ഒരു പേരുമിട്ടു. വി.ടി.എന്‍.എം.ഡി. അതായത് വിക്ടര്‍ ടാങ്ഗോ നരേന്ദ്രമോദി ദേവേന്ദ്ര.

മുംബൈ സ്വദേശിയായ യാദവ് കാന്തിവലിയില്‍ തന്റെ കുടുംബവീടിന്റെ ടെറസിലാണ് വിമാനം നിര്‍മിച്ചത്. പൈലറ്റായി ജോലിനോക്കുന്ന ഇദ്ദേഹം ഇതിനായി ചെലവാക്കിയത് നാലുകോടിയോളം രൂപ. 13,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന സിക്‌സ്-സീറ്റര്‍ വിമാനമാണ് VT-NMD. മണിക്കൂറില്‍ 342 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാന്‍ വിമാനത്തിന് സാധിക്കും. 2,000 കിലോമീറ്ററാണ് ഈ വിമാനത്തിന്റെ ദൂരപരിധി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് യാദവ് വിമാനനിര്‍മാണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ നടന്ന 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രദര്‍ശനത്തില്‍ സ്വന്തം വിമാനം അവതരിപ്പിച്ചു. പ്രശംസകളും വാഗ്ദാനങ്ങളും ധാരാളം ലഭിച്ചെങ്കിലും പറക്കാനുള്ള അനുമതി മാത്രം കിട്ടിയില്ല. ഇതിനായി ഡയക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ.) അപേക്ഷ നല്‍കിയെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങി.

Mumbai man built airoplane earn flying licence

നിരവധി തവണ ചുവപ്പുനാടയില്‍ കുടുങ്ങിയ വിമാനത്തിന്‍റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായത് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഇടപെടലോടെയാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിതന്നെ അനുമതിപത്രം യാദവിന് സമ്മാനിച്ചു.  ഇതിനുള്ള നന്ദി സൂചകമായാണ്  വി.ടി.എന്‍.എം.ഡി. എന്ന് വിമാനത്തിന് പേരിട്ടിരിക്കുന്നത്. ഇനി ഏതാനും പരീക്ഷണങ്ങള്‍കൂടി കഴിഞ്ഞാല്‍ വിമാനത്തിന് സവാരി തുടങ്ങാം.

ചെറുവിമാനങ്ങളുണ്ടാക്കുന്നതിനായി ത്രസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ സ്ഥാപനം തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ യാദവ്. വിമാനക്കമ്പനി തുടങ്ങാന്‍ പാല്‍ഘറില്‍ 155 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍  വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വന്തം ഫാക്ടറിയില്‍ 20 സീറ്റുള്ള വിമാനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനൊരുങ്ങുകയാണിപ്പോള്‍ ഇദ്ദേഹം.

Follow Us:
Download App:
  • android
  • ios