ബര്‍മുഡ ട്രയാങ്കിള്‍ ! ഈ പേര് കേട്ടാല്‍ നിഗൂഢമായ എന്തോ ഒന്ന് മനസ്സിലേക്ക് കയറി വരില്ലേ.. ഇത്തരം ചില സ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. എത്ര കണ്ടാലും എത്ര കേട്ടാലും അത്ഭുതവും നിഗൂഢതയും വിട്ടുമാറാത്ത ചില സ്ഥലങ്ങള്‍. 

രഹസ്യങ്ങളുടെ കലവറയായ ഈ ലോകത്ത് സഞ്ചാരികള്‍ക്ക് വേണ്ടി ഇന്ത്യ കാത്തുവച്ച അഞ്ച് അത്ഭുതങ്ങള്‍ 

1. ആന്ധ്ര ലെപാക്ഷിയിലെ കല്‍തൂണ്‍

വാസ്തുവിദ്യയാലും ചിത്രപ്പണികളാലും ഏറെ പ്രസിദ്ധമാണ് ആന്ധ്രാപ്രദേശിലെ ലെപാക്ഷി. ചരിത്രപ്രാധാന്യമുള്ള ഈ ശിവക്ഷേത്രം ഇന്ത്യയിലെ നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് കണ്ണുകള്‍ക്ക് വിശ്വസിക്കാനാകുന്നതിലുമപ്പുറമുള്ള കാഴ്ചയായ പൊങ്ങിക്കിടക്കുന്ന തൂണാണ്. 

ക്ഷേത്രത്തിലെ 70 തൂണുകളില്‍ ഒരെണ്ണം മാത്രം നിലത്തുറച്ചല്ല നില്‍ക്കുന്നത്. വായുവിലാണെന്ന് തന്നെ പറയാം. യാതൊരുവിധ താങ്ങുമില്ലാതെയാണ് ഈ തൂണ്‍ നില്‍ക്കുന്നത്. 

ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ വസ്തുക്കള്‍ തൂണിന് അടിയിലൂടെ അപ്പുറത്തെത്തിക്കുന്നത് ഇവിടെ കാണാം. ഇത് അവരുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കുമെന്നാണ് വിശ്വാസം. 

പഴയകാല വാസ്തുവിദഗ്ധരുടെ ചില്‍പ ചാതുരിയായാണ് ഇത് വിലയിരുത്തി പോരുന്നത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങള്‍ പണിത അനേകം തച്ചുശാത്രകാരന്‍മാരില്‍നിന്ന് പിറന്ന അത്ഭുതമായാണ് ഇത് വിലയിരുത്തുന്നത്. 


2. കര്‍ണാടകയിലെ മണല്‍ മൂടിയ തലക്കാട്


ഒരു നഗരം തന്നെ പാതിയോളം മണലെടുത്ത പ്രദേശമാണ് തലക്കാട്. കാവേരി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഒരുകാലത്ത് 30 ഓളം ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതില്‍ മിക്കവയും മണലെടുത്തു. ബാക്കിയായ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് വൈദ്യനാഥേശ്വര ക്ഷേത്രം. ദ്രാവിഡ ശൈലിയില്‍ പണിത ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവലിംഗമാണ്. ലിംഗത്തിന് പുറകില്‍ ശിവന്‍റെ മുഖം കൊത്തിവച്ചിട്ടുണ്ട്. 

ഇവിടുത്തെ പാതാളേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന് പല സമയങ്ങളിലായി നിറം മാറ്റം സംഭവിക്കുന്നതും അത്ഭുമാണ് ഇന്നും. പുവര്‍ച്ചെ ചുവപ്പ് നിറത്തിലും ഉച്ചയോടെ കറുത്ത നിറത്തിലും രാത്രിയില്‍ വെളള നിറത്തിലുമാണ് ഈ ശിവലിംഗം കാണാനാകുക. 

വിധവയായ ഒരു ശിവഭക്ത ശപിച്ചതാണ് തലക്കാട് മണല്‍ക്കാടാകാന്‍ കാരണമെന്നാണ് വിശ്വാസം. എന്നാല്‍ ഇന്നും ദുരൂഹമാണ് ഒരു നാട് എങ്ങനെ മണലാരണ്യമായി എന്നത്. 

3. വാതിലുകളില്ലാത്ത ഷാനി ഷിംഗ്നാപൂര്‍ ഗ്രാമം


അഹമ്മദ് നഗറില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ഷാനി ഷിംഗ്നാപുര്‍ ഗ്രാമം. പ്രശസ്തമായ ഷാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. എന്നാല്‍ ഇതല്ല ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. ഇവിടുത്തെ വീടുകള്‍ക്കോ സ്കൂളുകള്‍ക്കോ, കച്ചവട സ്ഥാപനങ്ങള്‍ക്കോ വാതില്‍ ഇല്ല. തുറന്നുകിടക്കുന്ന കെട്ടിടങ്ങളാണ് ഈ പ്രദേശത്ത് എവിടെയും കാണാനാകുക. വാതിലുകളില്ലെന്ന് കരുതി ഈ പ്രദേശത്ത് മോഷണമോ മറ്റ് അക്രമമോ ഉണ്ടെന്ന് കരുതേണ്ട. യാതൊരു അക്രവും നടക്കുന്നില്ല ഈ പ്രദേശത്ത്. കുറ്റകൃത്യങ്ങളുടെ നിരക്ക് പൂജ്യമാണ്. 

4. ഗുജറാത്തിലെ അശരീരികളുടെ ബീച്ച്

ഗുജറാത്തിലെ ഡ്യുമാസ് ബീച്ചില്‍ ചെന്നാല്‍ പല അടക്കിപ്പിടിച്ച ശബ്ദങ്ങളും കേള്‍ക്കാം. എന്നാല്‍ എത്ര ചുറ്റും നോക്കിയാലും ആ ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനാകില്ല. മരിച്ചവരുടെ ആത്മാക്കള്‍ സംസാരിക്കുന്നതാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. 

ഒരുകാലത്ത് മരിച്ചവരെ സംസ്കരിക്കുന്ന സ്ഥലമായിരുന്നുവത്രേ ഈ പ്രദേശം. എന്നാല്‍ ഈ ശബ്ദം എവിടെനിന്ന് വരുന്നുവെന്ന് ഇന്നും നിഗൂഢമാണ്. 


5. ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ജാതിംഗ


ആസ്സാമിലെ ജാതിംഗ മരണത്തിന്‍റെ മണമുളള ഗ്രാമമാണ്. മനുഷ്യരല്ല, പക്ഷികളാണ് ഇവിടെ ജീവന്‍ വെടിയുന്നത്. അതശൈത്യവും മൂടല്‍ഞ്ഞും രൂപപ്പെടുന്ന മണ്‍സൂണ്‍ കാലമായ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ കൂട്ടത്തോടെയാണ് ഇവിടെ പക്ഷികള്‍ ചത്തൊടുങ്ങുന്നത്. 

രാത്രിയായാല്‍ ദേശാടനക്കിളികള്‍ മരങ്ങളില്‍ ഇടിച്ച് ചാകും. ഇതുകൊണ്ടുതന്നെ കൂട്ടമായി പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന പ്രദേശമെന്നാണ് ഇവിടം അറിയപ്പെടുന്നത്. 

മൂടല്‍മഞ്ഞ് കാരണം രാത്രിയില്‍ ദിശ തെറ്റുന്നതാകാം പക്ഷികള്‍ മരത്തിലും കെട്ടിടങ്ങളിലും ഇടിച്ച് ചത്തൊടുങ്ങുന്നതെന്നാണ് പക്ഷികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇതുമായി ചേര്‍ന്ന് നിരവധി കഥകളുണ്ട് ഇവിടുത്തുകാര്‍ക്ക് വിശ്വസിക്കാന്‍.