സ്പോർടി ക്രൂസര്‍ ബൈക്കായ ഡോമിനറിന് പിന്നാലെ അവഞ്ചറിനും 400 സിസി എൻജിനുമായി ബജാജ് എത്തുന്നതായി റിപ്പോര്‍ട്ട്. വാഹനം പുറത്തിറക്കുന്ന വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡോമിനറിൽ ഉപയോഗിക്കുന്ന 373 സിസി എൻജിൻ തന്നെയാകും അവഞ്ചർ 400നും കരുത്തുപകരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയൽ എൻഫീൽഡ് ക്ലാസിക്ക്, തണ്ടർബേർഡ് തുടങ്ങിയ ക്രൂസർ ബൈക്കുകളോട് മത്സരിക്കാനാണ് പുതിയ അവഞ്ചർ പുറത്തിറക്കുന്നത്.
അവഞ്ചർ 150 സിസി, 220 സിസി വകഭേദങ്ങൾക്ക് വന്‍ ജനപ്രീതിയാണ് ലഭിച്ചതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതാണ് ബൈക്കിന്റെ കരുത്തു കൂടിയ വകഭേദം പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ബുള്ളറ്റിനെ കൂടാതെ യുണേറ്റഡ് മോട്ടോഴ്സിന്റെ ക്രൂയിസർ ബൈക്കുകളോടും പുതിയ ക്രൂയിസർ മത്സരിക്കും.
ഡോമിനറിലെ ഡി ടി എസ് ഐ ട്രിപ്പിൾ സ്പാർക്ക് ഫോർ വാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഓവർ സ്ക്വയർ ബോർ എൻജിനാണ് ബൈക്കിന് കരുത്തു പകരുന്നത്. ഈ എഞ്ചിന്‍ 8000 ആർ പി എമ്മിൽ 34.5 ബി എച്ച് പി കരുത്തും 8500 ആർ പി എമ്മിൽ 35 എൻ എം ടോർക്കും സൃഷ്‍ടിക്കും.
