രണ്ടരലക്ഷം രൂപ വില വരുന്ന ടാറ്റ നാനോയും 4 ലക്ഷം രൂപയിൽ താഴെ വിലവരുന്ന മൂന്നോ നാലോ മോഡലുകളും നിലവിലുണ്ടെങ്കിലും ഇന്ത്യയിലേറ്റവുമധികം വിൽക്കപ്പെടുന്നത് ആറ് ലക്ഷത്തിലധികം വിലവരുന്ന ഒരു കാറാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ സത്യം അതാണ്. മാരുതി ഡിസയറാണ് രണ്ടു വർഷത്തിലേറെയായി ഇന്ത്യയിലേറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം. പ്രതിമാസം 15,000 മുതൽ 18,000 വരെ ഡിസയറുകളാണ് ഇന്ത്യയിൽ വിൽക്കപ്പെടുന്നത്.

2008 മുതൽ നാളിതുവരെ 15 ലക്ഷത്തോളം ഡിസയറുകൾ വിറ്റുകഴിഞ്ഞു.

2008ലാണ് ആദ്യമായി ഡിസയർ വിപണിയിലെത്തിയത്. സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാൻ. അങ്ങനെയാണ് ഡിസയർ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹാച്ച്ബാക്കിൽ ബൂട്ട് ഫിറ്റ് ചെയ്തമാതിരി ഒരു 'ഏച്ചുകെട്ടൽ' പലർക്കും തോന്നിയിരുന്നു. എന്നാൽ 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തിയപ്പോൾ ഈ ഏച്ചുകെട്ടൽ അപ്രത്യക്ഷമായി. നാലു മീറ്ററിൽതാഴെ നീളമുള്ള വിധത്തിൽ ചെത്തി ഒതുക്കിയാണ് 2012 മോഡലെത്തിയത്. അതോടെയാണ് ഡിസയറിന്റെ ജനപ്രീതി കുതിച്ചുയർന്നത് എന്നു തോന്നുന്നു.

ഡിസയർ 2017
ഇതാ, മൂന്നാം തലമുറയിൽപ്പെട്ട ഡിസയർ എത്തിയിരിക്കുന്നു. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ സംഭവിച്ചിരിക്കുന്നത്. ഏതായാലും സ്വിഫ്റ്റ് എന്ന പേര് ഇപ്പോൾ ഡിസയറിന്റെ ബ്രാന്റിങ്ങിൽ ഒഴിവാക്കിയിട്ടുണ്ട്. മാരുതി ഡിസയർ എന്ന് മാത്രമാണിപ്പോൾ പേര്. 'ഹാർട്ട് ടെക്' എന്ന പേരിട്ടിട്ടുള്ള, ബെലേനോയുടെ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് മാരുതി ഡിസയർ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അരങ്ങൊഴിയുന്ന ഡിസയറിനെക്കാൾ 105 കി.ഗ്രാം ഭാരം കുറവുണ്ട്, പുതിയതിന്. ഉയരം 40 മി.മീ കുറഞ്ഞു. വീതി 40 മി.മീ വർദ്ധിച്ചു. വീൽബെയ്‌സും 20 മി.മീ. വർദ്ധിച്ചിട്ടുണ്ട്.

കാഴ്ച
മുൻഭാഗം കണ്ടാൽ പഴയ ഡിസയറുമായി യാതൊരു സാമ്യവുമില്ല. കറുത്ത 4 സ്‌പോക്ക് ഗ്രില്ലും ചുറ്റുമുള്ള ക്രോമിയം ലൈനും ഓർമ്മിപ്പിക്കുന്നത് ഒരുപക്ഷേ, ഫോർഡ് ആസ്പയറിനെയാണ്. ഗ്രില്ലിനു നടുവിൽ സുസുക്കിയുടെ ലോഗോയുണ്ട്. ആൽമണ്ട് ഷെയ്പാണ് ഈ സെഗ്മെന്റിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പിന്. ബമ്പറിൽ 'എൽ'ഷെയ്പ്പിൽ ക്രോമിയം ലൈനുണ്ട്. അതിനു നടുവിലാണ് ഫോഗ് ലാമ്പുകൾ. ബോണറ്റ്, മുൻഫെൻഡറുകൾ എന്നിവ പഴയ ഡിസയറിൽ നിന്നെടുത്തതാണെങ്കിലും അത് പെട്ടെന്ന് മനസ്സിലാവുകയില്ല. അലോയ് വീലിന്റെ ഡിസൈൻ കൊള്ളാം. സൈഡ് പ്രൊഫൈലിൽ ബെൽറ്റ് ലൈനും ഷോൾഡർ ലൈനും മസ്‌കുലർ ലുക്ക് സമ്മാനിക്കുന്നുണ്ട്. പിൻഭാഗത്തേക്കു വരുമ്പോൾ ഗംഭീരമായി ഇന്റഗ്രേറ്റ് ചെയ്ത ബൂട്ട് കാണാം. ഒരു ഹാച്ച്ബായ്ക്കിൽ നിന്നും ജനിച്ച സെഡാനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.

പുതിയ മോഡലിന് ബൂട്ട് സ്‌പേസും വർദ്ധിച്ചിട്ടുണ്ട്. മുൻമോഡലിൽ 310 ലിറ്ററായിരുന്നു ബൂട്ട് സ്‌പേസ് പുതിയതിൽ 378 ലിറ്ററായി മാറി. ബൂട്ട് ലിഡിൽ നെടുനീളത്തിൽ ക്രോമിയം സ്ട്രിപ്പുണ്ട്. വശങ്ങളിൽ നിന്നാരംഭിക്കുന്ന വലിയ എൽഇഡി ടെയ്ൽ ലാമ്പും ഭംഗിയായിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലുള്ള 15 ലക്ഷം ഡിസയർ ഉടമകൾക്കും പുതിയ ഡിസയർ പുതിയ മോഡലായിത്തന്നെ അനുഭവപ്പെടും.

എത്ര ചുഴിഞ്ഞുനോക്കിയാലും അതിഗംഭീരമെന്നാണ് പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ ഡിസൈനെ വിളിക്കാവുന്നത്.

ഉള്ളിൽ
ബ്ലാക്കും ബീജും വുഡ്ഫിനിഷും ചേർന്ന ഇന്റീരിയർ വളരെ പ്രീമിയമാണ്. പഴയ കാറിൽ നിന്നും വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ കടം കൊണ്ടിട്ടുള്ളു. അതുകൊണ്ടു തന്നെ നല്ല ഫ്രഷ്‌നസ് തോന്നുന്നുണ്ട്. ഫ്‌ളാറ്റ്‌ബോട്ടം സ്റ്റിയറിംഗ് വീൽ സ്‌പോർട്ടിയായിട്ടുണ്ട്. അതിലുമുണ്ട് വുഡ്ഫിനിഷ്. ഇൻസ്ട്രുമെന്റ് കൺസോളും ഭംഗിയായിട്ടുണ്ട്. ഇഗ്‌നിസിന്റേതുപോലെ സീറോഡിഗ്രി പൊസിഷനാണ് മീറ്ററിലെ സൂചികൾക്ക്. വിഎക്‌സ്‌ഐ മുതൽ മുകളിലേക്കുള്ള വേരിയന്റുകളിൽ ഡാഷ്‌ബോർഡിൽ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. ഇതിന്റെ സ്‌ക്രീൻ പ്രവർത്തന രീതികളും നമ്മൾ എസ് ക്രോസിൽ കണ്ടിട്ടുള്ളതു തന്നെയാണ്.

പഴയ ഡിസയറിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഈ സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റികളും കൊടുത്തിട്ടുണ്ട്. കൂടാതെ മൊബൈൽ ഫോൺ സ്‌ക്രീൻ ഇതിൽ മിറർ ചെയ്യാനും കഴിയും. കൂടാതെ സുസുക്കി റിമോട്ട് കൺട്രോൾ എന്ന് ആപ്പ് ഡൗൺലോഡ് ചെയ്താൽ ഈ സിസ്റ്റത്തിന്റെ വോളിയം അടക്കം മൊബൈൽ ഫോണിൽ നിയന്ത്രിക്കുകയും ചെയ്യാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളും കപ്പ് ഹോൾഡറുകളുമാണ് അതിന് താഴെയുള്ളത്.

സീറ്റുകൾ വിശാലവും നല്ല കുഷ്യനിങ് ഉള്ളതുമാണ്. ഡ്രൈവർ സീറ്റിന്റെ ഉയരം മാനുവലി അഡ്ജസ്റ്റ് ചെയ്യാം. വീൽബെയ്‌സ് കൂടിയതുകൊണ്ട് ലെഗ്‌റൂമും വർദ്ധിച്ചിട്ടുണ്ട്. പിൻസീറ്റിന് വീതിയുള്ള ഹാൻഡ്‌റെസ്‌ററും അതിനുമേൽ കപ്പ്‌ഹോൾഡറുകളും നൽകിയിട്ടുണ്ട്. പിന്നിലേക്ക് എ സി വെന്റുകൾ കൊടുത്തതും പുതുമയായി. പിന്നിൽ ഒരു 12 വോൾട്ട് പവർ സോക്കറ്റും കൊടുത്തിട്ടുണ്ട്.

എഞ്ചിൻ
എഞ്ചിനുകൾക്ക് മാറ്റമില്ല. 1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. വാഹനത്തിന്റെ ഭാരം കുറഞ്ഞതുകൊണ്ടാവാം ഇപ്പോൾ എഞ്ചിനുകൾ കൂടുതൽ സ്‌പോർട്ടിയായിട്ടുണ്ട്. 'സ്മാർട്ട്‌ഡ്രൈവ്' ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് ഡീസൽ എഞ്ചിൻമാനുവൽ ഗിയർ മോഡലാണ്. വളരെ നാമമാത്രമായ ലാഗുള്ള ഈ എഞ്ചിൻ പക്ഷേ, പുതിയ ഡിസയറിലെത്തിയപ്പോൾ ആ ലാഗുപോലും പ്രദർശിപ്പിക്കുന്നില്ല. 1000 ആർപിഎമ്മിനു മേലെ കുതിച്ചു പായുന്ന അനുഭവമാണിപ്പോൾ ഡിസയർ സമ്മാനിക്കുന്നത്. മാക്‌സിമം ടോർക്കായ 190 ന്യൂട്ടൺമീറ്റർ 2000 ആർപിഎമ്മിൽ തന്നെ ലഭ്യമാകുന്നുണ്ട്.

പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്. എടുത്തുപറയേണ്ട കാര്യം സസ്‌പെൻഷനിൽ നടത്തിയ മെച്ചപ്പെടുത്തലുകളാണ്. റൈഡ് ക്വാളിറ്റി വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. ചെറിയ കുഴികളൊന്നും അറിയാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ സസ്‌പെൻഷനു കഴിയുന്നുണ്ട്. സ്റ്റിയറിങും വളരെ ലൈറ്റാണ്.

ഗിയർഷിഫ്റ്റും അങ്ങനെ തന്നെ. എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ എന്നിവ എല്ലാ വേരിയന്റുകളിലുമുണ്ട് എന്നതാണ് കൈയടി നേടുന്ന അടുത്ത മറ്റൊരു കാര്യം.

സുരക്ഷയുടെ കാര്യത്തിൽ മാരുതി വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന മുറവിളിക്കും അങ്ങനെ പരിഹാരമായി.

ഈ പംക്തിയിലെ മറ്റ് വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം