ഇന്ത്യൻ വിപണിയിലെത്തിച്ചേർന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നവീകരിച്ച എക്സിക്യൂട്ടീവ് സെഡാന്‍ ഹോണ്ട സിറ്റിക്ക് തകര്‍പ്പന്‍ ബുക്കിംഗ്. ബുക്കിംഗ് 5,000 കവിഞ്ഞെന്നാണ് കമ്പനി റിപ്പോർട്ട്. 5,000 ബുക്കിംഗുകളിൽ 70 ശതമാനം ബുക്കിംഗും പെട്രോൾ വേരിയന്റുകൾക്കാണ്.

നാലാം തലമുറക്കാരനായ പുതിയ ഹോണ്ട സിറ്റിയുടെ എസ്, എസ്‌വി, വി, വിഎക്സ് എന്നീ പെട്രോൾ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സും പെട്രോൾ വേരിയന്റുകളായ വി, വിഎക്സ്, ടോപ്പ് എന്റ് സെഡ്എക്സ് എന്നിവയിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ വേരിയന്റുകളായ എസ്‌വി, വി, വിഎക്സ്, സെഡ് എക്സ് എന്നിവയിൽ മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്.

വാഹനത്തിന്‍റെ 1.5ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിന് 99 കുതിരശക്തിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതേസമയം പെട്രോൾ എൻജിനായ 1.5ലിറ്റർ ഐ-വിടെക് 117കുരിരശക്തിയും 145എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

മോഡേൺ സ്റ്റീൽ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ, കാർനിലിയൻ റെഡ് പേൾ, അലാബാസ്റ്റർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളില്‍ പുത്തന്‍ സിറ്റി വിപണിയിലെത്തും. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ തുടങ്ങിയവരായിരിക്കും പുത്തന്‍ സിറ്റിയുടെ മുഖ്യ എതിരാളികള്‍.

അഡ്വാൻസ് തുക 21,000 രൂപ നൽകി ഫെബ്രുവരി മൂന്നിനായിരുന്നു സിറ്റിയുടെ ബുക്കിംഗ് ആരംഭിക്കുന്നത്. 8,49,990 രൂപയാണ് ഈ എക്സ്ക്യൂട്ടീവ് സെഡാന്‍റെ ദില്ലിഎക്സ്ഷോറൂം വില.