ഹോണ്ട സിറ്റി ഇനി വെള്ളം കുടിക്കും കിടിലന്‍ രൂപത്തില്‍ പുതിയ സിയാസ്

അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സിയാസിന്റെ ചിത്രങ്ങൾ മാരുതി പുറത്തുവിട്ടു. മിഡ് സൈസ് സെഡാന്‍ സെഗ്മെന്‍റില്‍ ഹോണ്ടയുടെ ജനപ്രിയവാഹനം സിറ്റിക്ക് വന്‍ഭീഷണിയാകും സിയാസെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 2014 ഒക്ടോബറിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പാണ് അടുത്ത മാസം പുറത്തിറങ്ങുന്നത്. 

നിലവിലെ സിയാസിലുള്ള 1.3 ലീറ്റർ എൻ‌ജിൻ തന്നെയാകും ഡീസൽ മോ‍ഡലിന്‍റെ ഹൃദയം. 91 ബിഎച്ച്പി കരുത്തും 130 എൻഎം ടോർക്കുംഈ എൻജിന്‍ സൃഷ്ടിക്കും. 
എന്നാല്‍ നിലവിലെ 1.4 ലീറ്റർ പെട്രോൾ എൻജിന് പകരം കരുത്തുകൂടിയ 1.5 ലീറ്റർ പെട്രോൾ എൻജിനാവും വാഹനത്തിന്‍റെ ഹൃദയം. പെട്രോൾ മോ‍ഡലിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും. 

എൽഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ്‌ലൈറ്റും മനോഹരമായ ഗ്രില്ലും മുൻവശത്തെ വേറിട്ടതാക്കുന്നു. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. 

പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ടാകും. നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്.