അമ്പരപ്പിക്കുന്ന വിലയില്‍ ക്വിഡിന്‍റെ പുതിയ പതിപ്പിനെ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷനാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്.

ബ്ലാക്, സില്‍വര്‍, ലൈം ആക്‌സന്റോട് കൂടിയ ഡാര്‍ക്ക് ഗ്രെയ് കോമ്പിനേഷനില്‍ ഒരുങ്ങിയ പുതിയ കളര്‍ സ്‌കീമിലാണ് വാഹനം എത്തുന്നത്. പുതിയ ഡീക്കലുകളുടെയും നിറക്കൂട്ടുകളുടെയും പശ്ചാത്തലത്തില്‍ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എഡിഷന്‍ എത്തുന്നത്. ബോണറ്റിനും, റൂഫിനും, ഷൗള്‍ഡര്‍ ലൈനിനും കുറുകെയുള്ള 'ചെക്കേര്‍ഡ്' സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സാണ് പ്രധാന മാറ്റങ്ങളിലൊന്ന്. സൈഡ് ബോഡിയിലും ഇതേ സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സ് ഒരുങ്ങിയിട്ടുണ്ട്. ഡോറുകളില്‍ 'ലിവ് ഫോര്‍ മോര്‍' ലോഗോയും കാണാം.

സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സിന് പുറമെ സ്‌പോര്‍ട്‌സ് , റാലിക്രോസ് ഗ്രാഫിക്‌സ് ഓപ്ഷനുകളിലും വാഹനം എത്തുന്നുണ്ട്. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ മീഡിയനാവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഔട്ട്ബാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രെയ് തുടങ്ങിയ നിറഭേദങ്ങളിലെത്തുന്ന വാഹനത്തിന്‍റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിനു കരുത്തുപകരുന്നത്. 53 bhp കരുത്തും 72 Nm ടോര്‍ക്കും ഈ 799 സിസി എഞ്ചിനില്‍ ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഒപ്പം 67 bhp കരുത്തും 91 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 999 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും പുതിയ ക്വിഡ് എത്തുന്നുണ്ട്.

റീലോഡഡ് 2018 എഡിഷന്‍ മോഡല്‍ ക്വിഡിന്റെ 0.8 ലിറ്റര്‍ പതിപ്പാണ് 2.66 ലക്ഷം രൂപയ്ക്ക് ലഭ്യമാവുക. 3.87 ലക്ഷം രൂപയാണ് ക്വിഡ് 1.0 ലിറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.