മോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സമ്പൂര്‍ണ ഇലക്ട്രിക് വാഹന പദ്ധതിക്കെതിരേ നീതി ആയോഗും പരിസ്ഥിതി മന്ത്രാലയവും രംഗത്ത്. ഇലക്ട്രിക് വാഹനം രാജ്യത്തിനു യോജിച്ചതല്ലെന്നും പകരം മെഥനോള്‍ എന്ന ഇന്ധനമാണ് നല്ലതെന്നും നീതി ആയോഗ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കണോമിക്ക് ടൈംസ്, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെഥനോള്‍ വാഹന ഇന്ധനമായും പാചക ഇന്ധനമായും ഉപയോഗിച്ചാല്‍ 2030-ല്‍ ഇന്ധന ഇറക്കുമതി കുറച്ച് പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കാമെന്നാണ് പുതിയ ശുപാര്‍ശ.

2030-ല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിരത്തിലുണ്ടാകുന്ന പദ്ധതിയായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ ആവിഷ്‌കരിക്കയും ചെയ്‍തു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു രാജ്യത്തെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും.

എന്നാല്‍ ഇതിനെതിരെയാണ് നീതി ആയോഗ് ഇപ്പോള്‍ രംഗത്തെത്തിയത്. ഈ ശുപാര്‍ശ നടപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി പരിസ്ഥിതി മന്ത്രാലയവും രംഗത്തെത്തി. ബാറ്ററി നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്നവയും ഉപയോഗശൂന്യവുമായ സെല്ലുകള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വാദം. ഇതോടെ ഇലക്ട്രിക് വെഹിക്കിള്‍ മിഷന്‍ എന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ പ്രതിസന്ധിയിലായതാണ് റിപ്പോര്‍ട്ടുകള്‍.