ബിഎസ് 4 വാഹനങ്ങളുടെ ആയുസ് ഇനി വെറും രണ്ടര വര്‍ഷം മാത്രമാക്കി ചുരുക്കുന്ന നടപടികളുമായി കേന്ദ്രം. 2020 പകുതിയോടെ ബി.എസ്. 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്ട്രേഷനും നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി വരുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

കരടുരേഖ പ്രകാരം രാജ്യത്ത് ബി.എസ്. 4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 2020 ജൂണ്‍ 30- ഓടെ അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2020 ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബി.എസ്. 4 കംെപ്ലയിന്റ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ജൂണ്‍ 30ന് അകം പൂര്‍ത്തിയാക്കണം.

ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബി.എസ്. 4 ചരക്കു വാഹനങ്ങളും പൊതുഗതാഗത വാഹനങ്ങളും 2020 സെപ്റ്റംബര്‍ 30 ന് അകം രജിസ്റ്റര്‍ ചെയ്യണം. ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇതിനു മുന്നോടിയായി ഓഹരി ഉടമകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദേശങ്ങള്‍ സ്വീകരിക്കും. 2017 ഡിസംബര്‍ 20-നു മുന്‍പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാം. നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. 

ബി.എസ്. 5 എന്ന നിലവാരം ഏര്‍പ്പെടുത്താതെയാണ് 2020-ഓടെ ബി.എസ്. 6 നിലവാരത്തിലെ ഇന്ധനത്തിലേക്ക് രാജ്യം മാറുന്നതെന്നതും ശ്രദ്ധേയമാണ്. 2010-ലാണ് ബി.എസ്. 4 നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് ലഭ്യമായിത്തുടങ്ങിയത്. പൂര്‍ണമായും ബി.എസ്. 4 നിലവാരത്തിലെ ഇന്ധനം ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നിരിക്കെ 2020-ഓടെ ബി.എസ്. 6 ഇന്ധനമെത്തിക്കുന്നത് സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും വന്‍ ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍. 

അന്തരീക്ഷ മലീനികരണം കുറയ്ക്കാന്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് ത്രീ വാഹനങ്ങളുടെ വിൽപ്പന കോടതി നിരോധിച്ചിരുന്നു. കച്ചവട താത്പര്യമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. ഈ വിധിയോടെ 96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരുചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്നത് ബിഎസ് 4 വാഹനങ്ങളാണ്. 2020 ഓടെ ആയുസ് അവസാനിക്കുന്നതും ഈ വാഹനങ്ങള്‍ക്കാണ്.

എന്താണ് ബിഎസ്?
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്. ചട്ടങ്ങൾ പ്രകാരം ഓരോ സ്റ്റേജിലുമുള്ള വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന വാതകങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, സൂക്ഷ്മ ഘടകങ്ങൾ എന്നിവയുടെ അളവുകളാണ് ഓരോ വിഭാഗത്തിലും പറയുന്നത്.

1998വരെ ആദ്യം രൂപീകരിച്ച മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു രാജ്യത്തെ വാഹനനിര്‍മ്മാണം. എന്നാല്‍ 2000ത്തിലാണ് യൂറോപ്യൻ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് രൂപപ്പെടുത്തുന്നത്. തൊട്ടടുത്ത വര്‍ഷം ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെക്കെത്തുന്നത്.

2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് വാഹനനിര്‍മ്മാണം നടക്കുന്നത്. പുകമാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബി എസ് 4 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാനാകൂ.

ബി എസ് - 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ ബഹിർഗമനമേ ബി എസ് - 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. മലിനീകരണം അതിനനുസരിച്ച് കുറയും. 2020ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കും. ഇപ്പോള്‍ നിലവിലുള്ള ചട്ടങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ

(CO - കാർബൺ മോണോക്സൈഡ് ബഹിർഗമനം, HC - ഹൈഡ്രോ കാർബണുകൾ, NOx - നൈട്രജൻ ഓക്സൈഡ് ബഹിർഗമനം, PM - പർട്ടിക്കുലേറ്റ് മാറ്റർ)

ബിഎസ്3യും ബിഎസ് 4ഉം തമ്മിലുള്ള വ്യത്യാസം
ബി എസ്-3നെ അപേക്ഷിച്ച് ബി എസ് -4 ഗണത്തില്‍പെടുന്ന വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ തോത് കുറവായിരിക്കും. അതായത് ബി എസ്-3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമെ ബി എസ് -4 വാഹനങ്ങള്‍ക്കുണ്ടാവൂ.

ബിഎസ് -6
ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമായതിനാല്‍ 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ചുരുക്കം.