തൃശൂര്‍: വ്യാജ രജിസ്ട്രേഷന്‍ നമ്പരുപയോഗിച്ച് ലൈസന്‍സില്ലാതെ ജീപ്പില്‍ കറങ്ങിയ യുവാവിനെ അങ്കമാലിയില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടി. വ്യാജ ഫാന്‍സി നമ്പറില്‍ മൂന്നു മാസമാണ് വാഹനം നിരത്തിലൂടെ ഓടിയത്.

ചാലക്കുടി പരിയാരം തൃക്കൂരന്‍ വീട്ടില്‍ മേജറ്റ് വർഗീസാണ് അങ്കമാലി മോട്ടോർ വെഹിക്കിള്‍ ഉദ്യാഗസ്ഥരുടെ പിടിയിലായത്. അങ്കമാലി നായത്തോട് കവലയില്‍ പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് അധികൃതർ വാഹനത്തെ പിന്തുടർന്ന് കെഎസ്ആർടിസി സ്റ്റാന്‍റിന് സമീപം വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്നും നിയമങ്ങള്‍ ലംഘിച്ചാണ് വാഹനം മോടിപിടിപ്പിച്ചതെന്നും വ്യക്തമായി. അധികവണ്ണമുള്ള ടയറുകളും തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ഹെഡ്ലൈറ്റുകളുമാണ് വാഹനം മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. വാഹനമോടിച്ചിരുന്ന ഇയാള്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല. ആറു മാസം മുന്‍പാണ് വാഹനം നിരത്തിലിറക്കിയത്. 12500 കിലോമീറ്റ‍ർ ദൂരം ഇതുവരെ ഓടിയിട്ടുണ്ട്.

രജിസ്റ്റർപോലും ചെയ്യാതെ നിയമങ്ങളെല്ലാം ലംഘിച്ച് ഓടിയ ഈ വാഹനം എങ്ങനെ ഇതുവരെ അധികൃതരില്‍ ആരുടെയും കണ്ണില്‍പ്പെട്ടില്ലെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. വാഹനമോടിച്ചിരുന്ന മേജറ്റ് വർഗീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തുടർനടപടികള്‍ക്കായി വാഹനം കസ്റ്റഡിയിലെടുത്ത് അങ്കമാലി ജോയിന്‍റ് ആർടിഒ ഓഫീസിലേക്ക് മാറ്റി.