രാജ്യത്തിന്‍റെയും സൈന്യത്തിന്‍റെയും പ്രിയപ്പെട്ട ഇരുചക്രവാഹനങ്ങളില്‍ ഒന്നാണ് ഐക്കണിക്ക് ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റിന്‍റെ തുടക്കകാലം മുതല്‍ അത് ഇന്ത്യന്‍സേനയുടെ ഭാഗമാണ്. ഈ ബുള്ളറ്റില്‍ ലോകത്തെ ഏറ്റവും മികച്ച കമാന്‍റോ ഫോഴ്‍സുകളില്‍ ഒന്നായ എന്‍എസ്‍ജി ഒരു യാത്ര പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എൻഎസ്ജി സ്ഥാപിതമായതിന്റെ 33 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദത്തിനെതിരെ പൊരുതാൻ 7000 കിലോമീറ്റർ നീളുന്ന ബുള്ളറ്റ് യാത്ര നടത്തുന്നത്. എന്നാല്‍ ആ യാത്ര യുദ്ധമുഖത്തേയ്ക്കോ കമാന്റോ ഓപ്പറേഷനോ അല്ല. മറിച്ച് ഇന്ത്യയിലാകെ ശാന്തി സന്ദേശവുമായിട്ടാണ് ആ യാത്ര.
ഗാന്ധിനഗർ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ എൻഎസ്‍ജിയുടെ റീജിയണൽ ഹബുകൾ വഴി ബുള്ളറ്റില്‍ യാത്ര നടത്തുന്നത് പതിനഞ്ച് ബ്ലാക്ക് ക്യാറ്റ് കമാന്റോകളായിരിക്കും . റോയൽ എൻഫീൽഡ് ക്ലാസിക്ക് 500 ന്റെ ഏറ്റവും പുതിയ വകഭേദമായ സ്‌റ്റെല്‍ത് ബ്ലാക്കിലാണ് കമാന്റോകളുടെ യാത്ര.
