
'ചെന്നെത്തുന്ന ഇടമല്ല, പകരം അവിടേക്കുള്ള യാത്രയാണ് ഓരോ യാത്രികന്റെയും സമ്പാദ്യം'-ഇതാണ് പൊതുവെ പറയാറുള്ളത്. പക്ഷേ പക്ഷിപാതാളം ആ വാക്യത്തെ അപ്രസക്തമാക്കും. കാരണം ചെന്നെത്തുന്നിടവും അവിടേയ്ക്കുള്ള യാത്രയും ഒന്നുപോലെ യാത്രികരെ അമ്പരപ്പിക്കും.
ജൈവ സമ്പന്നവും പരിസ്ഥിതി പ്രാധാന്യം അര്‍ഹിക്കുന്നതുമായ ബ്രഹ്മഗിരി മലനിരകളിലൊരിടത്ത് ലക്ഷക്കണക്കിന് നരിച്ചീറുകള്‍ അധിവസിക്കുന്ന ഒരിടം. മുക്കിലും മൂലയിലും കാഴ്ചയുടെ മുത്തുമാലകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വയനാട് യാത്രികര്‍ക്ക് നല്‍കുന്ന മറ്റൊരു അത്ഭുതം.

പക്ഷേ അവിടേക്കുള്ള യാത്രയാണ് ഓരോയാത്രികനെയും ത്രസിപ്പിക്കുന്നത്. ഓര്‍മ്മയില്‍ കാത്തുവെക്കാവുന്ന യാത്രയാണ് പക്ഷിപാതാളത്തിലേക്കുള്ള യാത്ര. പുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുനെല്ലിക്ഷേത്ര പരിസരത്ത് നിന്നാണ് പക്ഷിപാതാളത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. രാവിലെ 7 മണിയ്ക്ക് നടന്നു തുടങ്ങണം. വടക്കേ വയനാട് വനംഡിവിഷനിലെ ബേഗൂര്‍ റേഞ്ചിലാണ് പക്ഷിപാതാളം. സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് തിരുനെല്ലി ക്ഷേത്ര പരിസരത്ത് നിന്ന് 8 കിലോമീറ്റര്‍ കൊടു വനത്തിലേക്ക് പോയാല്‍ പക്ഷിപാതാളമെന്ന് അത്ഭുതത്തിലേക്കെത്താം. അത്ര എളുപ്പമല്ല പക്ഷിപാതാളത്തിലേക്കുള്ള യാത്ര. 8 കിലോമീറ്ററില്‍ കൊടും കാടും മലയും കയറ്റവും ഇറക്കവും പുല്‍മേടുമെല്ലാം താണ്ടിവേണം പക്ഷി പാതാളത്തിലേക്കെത്താന്‍.
സമയത്തിന്റെ വില ശരിക്കുമറിയും ഈ യാത്രയില്‍. കണക്കു കൂട്ടല്‍ പിഴച്ചാല്‍, അല്ലെങ്കില്‍ ഇത്തിരി വൈകിയാല്‍ തിരിച്ചു വരവ് ദുഷ്‌കരമാകും. ആനയും കടുവയും കരടിയുമൊക്കെയുള്ള കൊടുവനത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ജൈവ സമ്പന്നമായ മലമടക്കിലേക്കാണ് യാത്ര പോകുന്നതെന്ന് പക്ഷിപാതാളത്തിലേക്ക് പോകുന്ന ഓരോ യാത്രികനും മനസില്‍ ഓര്‍ത്ത് വെക്കണം.

വേദകാലത്ത് മുനിമാരിവിടെ തപസ് ചെയ്തിരിന്നുവെന്നാണ് വിശ്വാസം. അതെന്തുതന്നെയായാലും എത്രയോ നക്‌സല്‍ പോരാളികള്‍ക്ക് ഒളിത്താവളമായ ഇടമാണ് പക്ഷിപാതാളം. അത്രപെട്ടെന്നൊന്നും പൊലീസിനോ അധികാരികള്‍ക്കോ എത്തിച്ചേരാനാകാത്ത ഇടമായിരുന്നു ഇതെന്നതിന് ഇതില്‍പരം ഉദാഹരണം വേണ്ടല്ലോ. ആ ഇടത്തേക്കാണ് യാത്ര തുടങ്ങുന്നത്.
വനംവകുപ്പിന്റെ അനുമതി വാങ്ങി മാത്രമേ ഇവിടേയ്ക്ക് യാത്ര ചെയ്യാനാകൂ. വനംവകുപ്പ് അനുവദിച്ച് നല്‍കുന്ന വഴികാട്ടികള്‍ നമുക്കൊപ്പമുണ്ടാകും. യാത്രയില്‍ ഏത് നിമിഷവും മൃഗങ്ങള്‍ നമുക്ക് മുന്നിലെത്താം.അതുകൊണ്ട് തന്നെ ഏറെ കരുതലോടെ വേണം ഓരോ ചുവടും വെക്കാന്‍. ശബ്ദമുണ്ടാക്കാന്‍ പാടില്ല. പരസ്പരം സംസാരിക്കുന്നത് പോലും ഇവിടെ നിഷിധമാണ്. കാടിനുള്ളില്‍ പല വഴികളുള്ളതിനാല്‍ കൂട്ടം തെറ്റിയാല്‍ പിന്നെ എവിടെയാകും എത്തിച്ചേരുകയെന്ന് പറയാനാകില്ല.
ഞങ്ങള്‍ കാടിനുള്ളിലേക്ക് കടന്നപ്പോഴേ മരക്കൊമ്പില്‍ രണ്ട് കുരങ്ങുകള്‍. അവര്‍ ഞങ്ങളെയൊന്ന് സൂക്ഷിച്ച് നോക്കി. ആളുകളുടെ എണ്ണമെടുക്കുപോലെ തലയൊന്ന് കുലുക്കി. പിന്നെ എന്തോ ഒരു ശബ്ദമുണ്ടാക്കി അടുത്ത മരച്ചില്ലയിലേക്ക് ചാടിച്ചാടി വനത്തിലേക്ക് മറഞ്ഞു. അവരുടെ ആവാസ സ്ഥലത്തേക്ക് മറ്റൊരുകൂട്ടം വന്നുകയറിയത് അവര്‍ കാടിനെ അറിയിച്ചതാണെന്ന് കൂടെ വന്ന വഴികാട്ടിയായ രാജു പറഞ്ഞു. രാജുവിന് ബ്രഹ്മഗിരി മല നിരകള്‍ കൈവെള്ളപോലെയറിയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ രാജു യാത്രികര്‍ക്കൊപ്പം പക്ഷിപാതാളത്തിലേക്ക് പോകാറുണ്ട്.

യാത്ര തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കയറ്റം തുടങ്ങും. വള്ളിച്ചൂരലുകള്‍ കൂട്ടായി നില്‍ക്കുന്നതിനിടയിലൂടെ കരിയിലകള്‍ വീണ വഴിയിലൂടെയുള്ള ചെങ്കുത്തായ കയറ്റം കയറല്‍ അത്ര എളുപ്പമല്ല. കാലൊന്ന് തെറ്റിയാല്‍ താഴെ വീണ് ഉരുണ്ട് ചെല്ലുന്നത് വള്ളിച്ചൂരല്‍ മുള്ളുകളുടെ ആലിംഗനത്തിലേക്കാവും. ഏറെ ശ്രദ്ധിച്ച് വേണം ചൂരല്‍കാട് പിന്നിടാന്‍. വള്ളിച്ചൂരലുകള്‍ അതിരിടുന്നതിന് അപ്പുറം കാട്ടുചോലയാണ്. ഇത്തരത്തില്‍ നിരവധി ചോലകളാണ് ബ്രഹ്മഗിരിയിലുള്ളത്. അവയെല്ലാം കൂടിച്ചേര്‍ന്നാണ് ക്ഷേത്രപരിസരത്തെത്തുമ്പോള്‍ 'പാപനാശിനി'യായി മാറുന്നത്.
വീണ്ടും കയറ്റം കയറിയെത്തുമ്പോള്‍ വനത്തിലൂടെയുള്ള ചെറിയൊരു റോഡിലെത്തും. വനത്തില്‍ പരിശോധനകള്‍ക്കായി പോകാന്‍ വനം വകുപ്പ് നിര്‍മ്മിച്ചിട്ടുള്ള റോഡാണത്. ആ റോഡിന് ഇരുവശത്തും വേലിപ്പരുത്തിയും മറ്റനേകം ചെറുചെടികളും വള്ളികളും പൂത്തുലഞ്ഞ് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രശലഭങ്ങളുടെ ഉത്സവകാലമാണ്. നിറയെ പലതരത്തിലും വര്‍ണ്ണത്തിലുമുളള ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ് തിരുനെല്ലിയും ബ്രഹ്മഗിരിയും. 140 ഇനം ചിത്രശലഭങ്ങളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ നീലഗിരി ടൈഗര്‍ ഇനമാണെന്നാണ് എനിക്ക് തോന്നിയത്. ഇത്തിരി ദൂരം കൂടി പോയാല്‍ റോഡില്‍ നിന്ന് മാറി എളുപ്പവഴി പിടിക്കണം. എങ്കിലേ നമുക്ക് ഉദ്ദേശിച്ച സമയത്ത് പക്ഷിപാതാളത്തില്‍ എത്താനാകൂ.
ഇരുവശത്തും പുല്ല് നിറഞ്ഞ വഴിയാണത്. നല്ല കയറ്റവും. പോരാത്തതിന് ഒറ്റയടിപ്പാത. ഈ ഒറ്റയടിപ്പാത പിന്നിട്ട് കുന്നിന് മുകളിലെത്തുമ്പോഴേക്കും ആര്‍ക്കായാലും ഒന്ന് വിശ്രമിക്കാന്‍ തോന്നും. യാത്ര തുടങ്ങിയിട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടിട്ടേയുള്ളുവെന്ന അറിവ് അവിടെ വിശ്രമിക്കാന്‍ തോന്നിക്കില്ല. മുന്നോട്ട് തന്നെ പോകും. കുത്തനെയുള്ള പുല്‍വഴി താണ്ടിയെത്തുന്നത് നേരത്തേ കണ്ട റോഡിന്റെ ഭാഗത്ത് തന്നെയാണ്. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ അവിടെ വനംവകുപ്പിന്റെ ഒരു വാച്ച്ടവറുണ്ട്. തിരുനെല്ലിയില്‍ പാപനാശിനി കടന്ന് പക്ഷിപാതാളത്തിലേക്കുള്ള യാത്രയില്‍ മനുഷ്യനിര്‍മ്മിതമായ ഏക വസ്തു ഈ വാച്ച്ടവര്‍ മാത്രമാണ്. സഞ്ചാരികള്‍ക്ക് ടവറിന്റെ മുകളില്‍ കയറാം.

ബ്രഹ്മഗിരിയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. കനത്ത കാറ്റാകും ടവറിന്റെ മുകളില്‍ സഞ്ചാരികളെ സ്വീകരിക്കുക. പ രിശോധനകള്‍ക്കായി പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനത്തിലെ സ്ഥിരം വാച്ചര്‍മാര്‍ക്കും താമസിക്കാനുള്ള സ്ഥലമൊക്കെ ടവറില്‍ ഒരുക്കിയിട്ടുണ്ട്. അവിടെയും കൂടുതല്‍ സമയം ചെലവഴിക്കാനാവില്ല. സങ്കടത്തോടെയല്ലാതെ വാച്ച്ടവറിനോട് വിടപറയാകില്ല. ഇനിയും 5 മണിക്കൂര്‍ കൂടി നടന്നാലെ പക്ഷിപാതാളത്തിലേക്ക് എത്താനാകൂ...
നാല് മലനിരകളാണ് പക്ഷിപാതാളത്തിന് അതിരിടുന്നത്. ബ്രഹ്മഗിരി, കരിമല, നരിനിരങ്ങിമല, ഉദയഗിരി
വാച്ച് ടവര്‍ കഴിഞ്ഞാല്‍ പിന്നെ ബ്രഹ്മഗിരിയുടെ സ്വഭാവവും രീതിയും ആകെ മാറുകയാണ്. ഇവിടെ നിന്നങ്ങോട്ട് ഇതുവരെ പിന്നിട്ടതുപോലെ ചെങ്കുത്തായ കയറ്റമില്ല. മലനിരകളുടെ ഓരം ചേര്‍ന്ന് മുന്നോട്ട് പോകണം.ഒറ്റയടിപ്പാത മാത്രം. പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര. ഒന്നിന് പിന്നാലെ മറ്റൊന്നായി ചോലക്കാടുകളും കുന്നിന്‍ ചെരിവുകളും താഴ് വാരങ്ങളും നമ്മളെ കടന്നു പൊയ്‌ക്കൊണ്ടേയിരിക്കും. പക്ഷി പാതാളം മാത്രം ദൂരെയെവിടെയോ മലനിരകള്‍ക്കപ്പുറത്ത് ഇപ്പോളും ഒളിച്ചിരിക്കുകയാണ്.
യാത്ര മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഫ്രഞ്ചുരായ രണ്ടു പേര്‍ ഞങ്ങളെ കടന്നു പോയി. എത്ര വേഗത്തിലാണ് അവര്‍ ബ്രഹ്മഗിരിയെ കീഴടക്കുന്നതെന്ന് കണ്ണുമിഴിച്ച് നോക്കി നിന്നു പോയി ഞങ്ങള്‍. സ്ഥിരമായി കാടും മലയും കയറി ഇറങ്ങുന്ന അവരുണ്ടോ നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും കിതച്ച് നില്‍ക്കുന്ന നമ്മുടെ സങ്കടം അറിയുന്നു.
പോകുന്ന വഴിയ്ക്ക് ബംഗ്ലാവ്കുന്നെന്ന ഒരു സ്ഥലമുണ്ട്. പക്ഷിപാതാളത്തിന്റെ പ്രാധാന്യവും ബ്രഹ്മഗിരിയുടെ ജൈവ വൈവിധ്യവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ക്ക് ഇവിടെയൊരു ബംഗ്ലാവുണ്ടായിരുന്നു. അതിന്റെ ചില്ലറ അവശിഷ്ടങ്ങള്‍ ഇപ്പോഴും നമുക്കവിടെ കാണാം. ബംഗ്ലാവ് നിന്ന സ്ഥലത്തിന് ചുറ്റും മാവും നെല്ലിയുമൊക്കെ വളര്‍ന്ന് നില്‍ക്കുന്നു. യാത്രയിലുടനീളം നിരവധി നെല്ലിമരങ്ങളുണ്ട് ബ്രഹ്മഗിരിയില്‍.

യാത്ര തുടരുകയാണ്. ഇനി ചോലക്കാടുകള്‍ക്കുള്ളിലൂടെ ഇത്തിരി തണലിലൂടെയാണ് യാത്ര. ദൂരെയെവിടെയോ, താഴേക്ക് വെള്ളം പതിക്കുന്ന ശബ്ദം കേള്‍ക്കാം .ആ ശബ്ദം ശ്രദ്ധിച്ചാണ് ഇനി യാത്ര. മല കയറാന്‍ തുടങ്ങിയപ്പോള്‍ തിരുനെല്ലിയില്‍ നിന്ന് കയ്യില്‍ കരുതിയ വെള്ളമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനിയും നാല് കിലോമീറ്റര്‍ കൂടി നടന്നെത്താനുണ്ട്. അതുകൊണ്ട് ഇനി വെള്ളം ശേഖരിക്കണമെങ്കില്‍ ആ ശബ്ദം കേട്ടിടത്തേക്ക് എത്തണം. ചോലക്കാട് പിന്നിട്ട് മുന്നോട്ട് ചെല്ലുമ്പോള്‍ നമുക്ക് പോകേണ്ട വഴിയെ മുറിച്ച് വെള്ളമൊഴുകുന്നു. അവിടെ അല്‍പ്പ സമയം വിശ്രമിക്കാം. കുപ്പികളില്‍ വെള്ളം നിറയ്ക്കാം.
ഇനി ഒരു മണിക്കൂര്‍ കൂടി നടന്നാല്‍ പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തിലെത്താം. നീരൊഴുക്ക് പിന്നിട്ട് പത്ത് മിനിട്ട് മുന്നോട്ട് നടന്നാല്‍ വീണ്ടും ഒരു പുല്‍മേട്ടിലെത്തും. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ ദൂരെ ഒരു മലഞ്ചെരുവില്‍ പക്ഷിപ്പാതാളത്തിന്റെ മുകള്‍ വശത്തെ പാറക്കെട്ട് കാണാം. പക്ഷേ ഇനിയും രണ്ട് മൂന്ന് മലഞ്ചെരുവുകള്‍ കൂടി പിന്നിട്ടാലെ അവിടെയെത്താനാകൂ.
ഇനി ഇത്തിരി കഠിനമാണ് യാത്ര. ചെങ്കുത്തായ ഇറക്കമിറങ്ങി ചോലക്കാടുകള്‍ക്കിടയിലൂടെ വേണം യാത്ര. ഇറക്കമിറങ്ങിച്ചെല്ലുന്നത് പാതാളക്കുന്നിന്റെ താഴ് വാരത്തിലേക്കാണ്. പാതാളക്കുന്നിന്റെ താഴ് വാരത്തെത്തുമ്പോഴേക്കും ഉച്ചയാകും. താഴ് വാരത്ത് കൂടി ഒരു സുന്ദരന്‍ അരുവി ഒഴുകിപ്പോകുന്നുണ്ട്. നട്ടുച്ചയ്ക്ക് പോലും അരുവിയില്‍ പത്ത് സെക്കന്റില്‍ കൂടുതല്‍ നില്‍ക്കാനാകില്ല. അത്ര തണുപ്പാണ് വെള്ളത്തിന്. കാലു മരവിച്ച് പോകും. അരുവിയില്‍ മുഖമൊന്ന് കഴുകുമ്പോഴേക്കും അതുവരെ നടന്നതിന്റെ ക്ഷീണമെല്ലാം മാറും. ഏറ്റവും ശുദ്ധമായ വെള്ളമായതിനാല്‍ കുടിക്കാം. വെള്ളത്തിന്റെ യഥാര്‍ത്ഥ രുചിയെന്തെന്ന് മനസിലാക്കണമെങ്കില്‍ ഇവിടെ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചാല്‍ മതി. ഇവിടെ അരുവിയുടെ കരയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാം. അല്‍പനേരം കൂടി വിശ്രമിക്കാം. ക്ഷീണം മാറ്റാം. അവിടുന്നങ്ങോട്ട് നല്ല കയറ്റമാണ്. അതിനുള്ള ഊര്‍ജ്ജം ഈ അരുവിയുടെ തീരത്ത് നിന്ന് സംഭരിക്കണം; ശരീരത്തിനും മനസിനും.
കയറ്റം കയറി തുടങ്ങുകയാണ്. ഇനിയങ്ങോട്ട് നാല്പത് മിനിട്ടോളം എടുക്കും മുകളിലെത്താന്‍. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം കൂടുകയാണ്. ചെവിയൊക്കെ അടച്ച് തുടങ്ങും. അന്തരീക്ഷത്തിന് ഇത്തിരി തണുപ്പ് തോന്നും. വായുവില്‍ മഞ്ഞിന്റെ അംശം കൂടും. ആ യാത്ര ചെന്ന് നില്‍ക്കുന്നത് ബ്രഹ്മഗിരിയുടെ ഏറ്റവും തുഞ്ചത്താണ്. ആ തുഞ്ചത്ത് കൂടി ഒറ്റയടിപ്പാതയാണ്. അതിലൂടെ പത്ത് മിനിട്ടോളം നടക്കണം. ശ്രദ്ധയൊന്ന് തെറ്റിയാല്‍ , കാലൊന്ന് ഇടറിയാല്‍ ഒരു പക്ഷേ ഏറെ താഴേയ്ക്ക് പതിക്കും. അതിനാല്‍ ഏറെ സൂക്ഷിക്കണം ഇനിയുള്ള ഓരോ ചുവടും. അവിടെയും ഇവിടെയുമായി ഉരുളന്‍ കല്ലുകള്‍ കിടക്കുന്നു. പുല്‍മേടാണ് മുന്നിലങ്ങോട്ട്. അതിന് നടുവിലൂടെയാണ് വഴി. ആ വഴി പക്ഷിപാതാളമെന്ന അത്ഭുതം കഴിഞ്ഞും മുന്നോട്ട് നീങ്ങുന്നുണ്ട്. ആ വഴി നീണ്ട് നീണ്ട് കര്‍ണാടകത്തിലേക്ക് പോകും. ഇവിടേയ്ക്ക് എത്തുന്നതിന് ഇടയ്ക്ക് നാഗര്‍ഹോള ദേശീയ ഉദ്യാനത്തിലൂടെയും ഇത്തിരി ദൂരം നമുക്ക് സഞ്ചരിക്കേണ്ടി വരും.
നീണ്ടു പോകുന്ന വഴിയില്‍ നിന്ന് ഇടത്തേക്ക് അല്‍പം തിരിയണം. അവിടുന്നങ്ങോട്ട് പിന്നെയും ഭൂമിയുടെ സ്വഭാവം മാറുകയാണ്. വലിയ പാറകള്‍ അവിടെയും ഇവിടെയുമെക്കെയായി കിടക്കുന്നു. അതിനെ മറച്ച് ചെറിയ കുറ്റിച്ചെടികളും ഇത്തിരി വലിയ ചോലകളും കിടക്കുന്നു. ചോലകള്‍ വളര്‍ന്ന് തുരങ്കം പോലെ മുകള്‍വശം മറച്ച് നില്‍ക്കുന്നു. അതിനിടയിലൂടെ വേണം നമുക്ക് പക്ഷിപാതാളത്തിന്റെ പ്രവേശന കവാടത്തിലേക്കെത്താന്‍. പ്രവേശന കവാടത്തില്‍ ഇവിടവിടെയായി വലീയ ഉരുളന്‍ കല്ലുകള്‍. അതിനിടയിലൂടെ പക്ഷിപാതാളമെന്ന നിഗുഡതയിലേക്ക് പ്രവേശിക്കാം. നിരവധി പാറകള്‍ ഉരുണ്ട് വീണ് രൂപം പ്രാപിച്ചതാണ് ഈ ഗുഹ. അതിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. ഗുഹയിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ പിന്നെ താഴേക്ക് ഇറക്കമാണ്.പല ഗുഹകളിലൂടെ യാത്രചെയ്ത് വേണം പ്രധാന ഗുഹയിലേക്കെത്താന്‍.ചിലയിടങ്ങളില്‍ ഇരുന്നും നിരങ്ങിയും ഏറെ കഷ്ടപ്പെട്ടും മാത്രമേ മുന്നോട്ട് നീങ്ങാനാകൂ.
ഗുഹയില്‍ ചിലയിടങ്ങളില്‍ സൂര്യപ്രകാശം എത്തുന്നതേയില്ല. മറ്റുചിലയിടങ്ങളില്‍ അല്‍പ്പമായി സൂര്യപ്രകാശം അരിച്ചെത്തുന്നുണ്ടെന്ന് മാത്രം. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയാല്‍ ഒരിടത്ത് ഏറെ കഷ്ടപ്പെട്ട് വേണം താഴേയ്ക്ക് ഇറങ്ങാന്‍. പാറയിടുക്കിലൂടെ സാഹസികമായ ഒരു നൂണ്ടുകടക്കല്‍. വണ്ണം കൂടിയവര്‍ക്ക് ഇറങ്ങാനേ ആകില്ല. ഒരാള്‍ക്ക് വളരെ കഷ്ടപ്പെട്ടാല്‍ മാത്രം അടുത്ത ഗുഹയിലേക്ക് നൂണ്ടിറങ്ങാം. അവിടെ വെച്ച് കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ യാത്ര അസാനിപ്പിച്ച് മറ്റൊരു വഴിയേ ഗുഹയ്ക്ക് താഴെ പുറത്തേക്ക് പോയി. എന്തായാലും ഗുഹയുടെ അടിത്തട്ടിലേക്ക് പോകാതെ തിരികെ പോകില്ലെന്ന വാശിയില്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. താഴേയ്ക്ക് ഇറങ്ങും പോലെ തന്നെ ഗുഹയ്ക്കുള്ളില്‍ ഇത്തിരിയൊക്കെ മുകളിലേക്ക് കയറിയും വേണം വഴി കണ്ടെത്തി അടിത്തട്ടിലേക്കെത്താന്‍. ഏറെക്കഷ്ടപ്പെട്ട് താഴേക്കെത്തുമ്പോളുണ്ട് ഗുഹയ്ക്കുള്ളില്‍ നിന്ന് ഒരു മരം വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. ഗുഹയിലേക്ക് അരിച്ചെത്തുന്ന ഇത്തിരി വെളിച്ചത്തില്‍ വളര്‍ന്നതാണ്. അത് പിന്നിടുമ്പോഴേ കേള്‍ക്കാം താഴെ ഗുഹയ്ക്കുള്ളില്‍ നിന്ന് ഒരു ഇരമ്പല്‍. പതിനായിരക്കണക്കിന് നരിച്ചീറുകള്‍ ഒന്നിച്ച് ചിറകടിക്കുന്ന ഒച്ചയാണത്. നിശബ്ദരായി വേണം അവരെ സമീപിക്കാന്‍.
അവിടെ പാറപ്പുറത്ത് ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. നൂറ് മീറ്റര്‍ മാത്രം അകലെ ആയിരക്കണക്കിന് നരിച്ചീറുകള്‍ പാറക്കൂട്ടങ്ങളില്‍ പറ്റിപ്പിടിച്ച് കിടക്കുന്നു. അവയുടെ നിര്‍ത്താതെയുള്ള ചിറകടിയൊച്ച.നരിച്ചീറുകളുടെ കാഷ്ഠത്തിന്റെ രൂക്ഷഗന്ധം. എത്രയോ വര്‍ഷമായി ആ കാഷ്ഠങ്ങള്‍ ഗുഹകള്‍ക്കുള്ളില്‍ കൂടിക്കിടക്കുകയാണ്. എല്ലാകൂടി ഗന്ധകത്തിന്റെ മണം. മനംമടുപ്പിക്കുന്ന ഗന്ധമാണെങ്കിലും ആ കാഴ്ച കണ്ട് നമ്മളങ്ങനെ ഇരുന്നുപോകും. അങ്ങനെയിരിക്കുമ്പോഴുണ്ട് ചില നരിച്ചീറുകള്‍ ഉയരത്തിലേക്ക് പറന്നു പൊങ്ങുന്നു. ഏറെ മുകളിലായി ഗുഹയിലേക്ക് വെളിച്ചമെത്തുന്ന ഒരു ചെറിയ ഭാഗമുണ്ട്. അതുവഴിയാണ് നരിച്ചീറുകള്‍ പുറത്തേക്ക് പോകുന്നതും തിരികെ വരുന്നതും. തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ പാപനാശിനിയില്‍ തര്‍പ്പണം നടത്തി മോക്ഷം കിട്ടുന്ന ആത്മാക്കളാണ് പക്ഷിപാതാളത്തില്‍ നരിച്ചീറുകളായി പുനര്‍ജനിക്കുന്നത് എന്നൊരു വിശ്വാസവും നിലവിലുണ്ട്.

ചിത്രകൂടന്‍ ശരപ്പക്ഷികളാണ് പക്ഷിപാതാളത്തിലെ മറ്റൊരു താമസക്കാര്‍. മനുഷ്യസാന്നിധ്യം ഒട്ടും ഇഷ്ടപ്പെടാത്തവരാണ് ഇവര്‍.പക്ഷേ ഗുഹയ്ക്കുള്ളില്‍ മനുഷ്യസാന്നിധ്യം ഏറിയതോടെ ചിത്രകൂടന്‍ ശരപക്ഷികള്‍ ഗുഹയുടെ അടിത്തട്ടിലേക്ക് പോയിരിക്കുന്നു. അവരെ ഇപ്പോള്‍ കണ്ടുകിട്ടാനേയില്ല. ചിത്രകൂടന്‍ ശരപക്ഷികളുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ പിടികൂടാനും അവരുടെ കൂടുകള്‍ക്ക് ഔഷധഗുണമുണ്ടെന്ന കാരണത്താല്‍ അവ പൊളിച്ചുകൊണ്ടുപോകാനുമൊക്കെ മനുഷ്യര്‍ ശ്രമിക്കാറുണ്ട്. വാജീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്ന എന്തോ രാസക്കൂട്ട് ചിത്രവേഗന്‍ ശരപക്ഷികളുടെ കൂട്ടിലുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാലിത് വെള്ളിമൂങ്ങ കച്ചവടം പോലെയും ഇരുതലമൂരി കച്ചവടം പോലെയും മോഹവിലയില്‍ നടക്കുന്ന ഒരു തട്ടിപ്പ് മാത്രമാണ്. ശാസ്ത്രീയമായ യാതൊരു അടിത്തറയും ചിത്രകൂടന്മാരുടെ കൂടുമായി ബന്ധപ്പെട്ട ഔഷധകാര്യത്തിനില്ല.ഇങ്ങനെ കൂടുകള്‍ മോഷ്ടിക്കുന്നതിനെ ചെറുക്കാനാണ് ചിത്രകൂടന്മാര്‍ ഗുഹയുടെ അടിത്തട്ടിലേക്ക് താമസം മാറിയത്.
ഏറെ നേരം അവിടെയും ചെലവഴിക്കാനാവില്ല. കയറി വന്ന അത്രയും ദൂരം തിരികെ പോകേണ്ടതുണ്ട്. അതിനാല്‍ ഗുഹയില്‍ നിന്ന് പുറത്തിറങ്ങണം. മനസില്ലാമനസോടെ നരിച്ചീറുകളോടും ചിത്രവേഗന്‍ ശരപ്പക്ഷികളോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. ഒന്നാന്തരമൊരു ഔഷധകലവറ കൂടിയാണ് പക്ഷിപാതാളം. തിരിച്ചിറങ്ങും വഴി ഗുഹക്കുള്ളില്‍ അവിടവിടെയായി ഒരു സസ്യം കാണുന്നുണ്ട്. മനുഷ്യന് എത്താവുന്നതിനും മുകളിലാണ് അവ കിളിര്‍ത്ത് നില്‍ക്കുന്നത്. ഗരുഡപ്പച്ചയെന്നാണ് ആ ഔഷധച്ചെടിയുടെ പേര്. അത് പക്ഷേ പറിക്കുന്നതിന് അനുവാദമില്ല. വംശനാശം നേരിടുന്ന ചെടിയാണിത്.

അവരെ വെറുതേ വിട്ട് പിന്നെയും മുന്നോട്ട് നീങ്ങിയാല്‍ മുനിമാര്‍ തപസിനായി ഉപയോഗിച്ച ഗുഹ കാണാം. രണ്ട് മുറികളായാണ് ഗുഹ. ഒരിടത്ത് കിടക്കാനുള്ള സ്ഥലം. മറ്റൊന്ന് നമുക്ക് ഇരിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന രീതിയിലും. പിന്നീടിതേ ഗുഹയാണ് നക്‌സല്‍ പോരാളികള്‍ ഒളിവു ജീവിതത്തിനായി തെരഞ്ഞെടുത്തതും. ഇപ്പോള്‍ അവിടേയ്‌ക്കെത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമൊക്കെ രാത്രി ക്യാംപ് ചെയ്യാനും ഇതേ ഗുഹ ഉപയോഗിക്കാറുണ്ട്. ഒരാള്‍ക്ക് മാത്രം ഇഴഞ്ഞ് മറുവശത്തെത്താവുന്ന പാറയിടുക്കിലൂടെ അപ്പുറം കടന്ന് പാതാളത്തോട് നമുക്ക് വിടപറയാം.
സന്ധ്യമയങ്ങിയാല്‍ പിന്നെ വഴിയിലുടനീളം വന്യമൃഗങ്ങളുണ്ടാകും. യാത്ര ദുഷ്‌കരമാകും. അതിനാല്‍ വേഗത്തില്‍ മലയിറങ്ങണം. കേവലമൊരു വനയാത്രയുടെ അനുഭവമല്ല പക്ഷിപാതാളം യാത്ര നമുക്ക് പകര്‍ന്ന് നല്‍കുന്നത്. അതിനപ്പുറം സാംസ്‌കാരികവും ആത്മീയവുമായ ഓര്‍മ്മകളില്‍ മുനിമാരും ചരിത്രത്തിന്റെ വിപ്ലവവഴികളില്‍ നക്‌സല്‍ പോരാളികളും ബ്രഹ്മഗിരി മലനിരകളുടെ ജൈവ വൈവിധ്യവുമെല്ലാം ഈ യാത്രയില്‍ നമുക്ക് കൂട്ടിനെത്തും. ഏറെ വര്‍ഷത്തിന് ശേഷവും ബ്രഹ്മഗിരിയും പക്ഷിപാതാളവും നരിച്ചീറുകളുമെല്ലാം മനസില്‍ പച്ച പിടിച്ച് നില്‍ക്കും. തീര്‍ച്ച.

