റോയല്‍ എന്‍ഫീല്‍ഡിന്റെ സൈലന്‍സര്‍ മോഡിഫൈ ചെയ്ത് ശബ്ദം ഉയര്‍ത്തുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി പൊലീസ്. പൂനെ, മൈസൂരു, ബംഗളൂരു നഗരങ്ങളിലാണ് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

നടപടിയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരെ പ്രത്യേകം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ ബംഗളൂരുവില്‍ കര്‍ശനമാക്കി. പിടികൂടിയ ബുള്ളറ്റുകളുടെ ചിത്രങ്ങള്‍ ബംഗളൂരു പൊലീസ് തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. കസ്റ്റം എക്‌സ്‌ഹോസ്റ്റാണ് മോട്ടോര്‍സൈക്കിളില്‍ കണ്ടെത്തുന്നതെങ്കില്‍, മോട്ടോര്‍വാഹന നിയമം സെക്ഷന്‍ 190(2) പ്രകാരം പൊലീസ് നടപടി സ്വീകരിക്കും.

സൈലന്‍സറില്‍ നടത്തുന്ന ചെറിയ മോഡിഫിക്കേഷനുകള്‍ പോലും നിയമലംഘനമാണ്. ഇത്തരം പ്രവര്‍ത്തി പിടിക്കപ്പെടുകയാണെങ്കില്‍ 1000 രൂപ വരെ പൊലീസ് പിഴ ചുമത്തും. ഇതിന് പുറമെ, അനധികൃതമായ എക്‌സ്‌ഹോസ്റ്റുകളെ ബൈക്കില്‍ നിന്നും ഊരി മാറ്റി ഉടനടി തകര്‍ക്കുന്ന നടപടികളും ബംഗളൂരു പൊലീസ് സ്വീകരിച്ച് വരികയാണ്.

കസ്റ്റം എക്‌സ്‌ഹോസ്റ്റുകള്‍ ഘടിപ്പിച്ച് നല്‍കുന്ന ഗരാജുകളെയും കണ്ടെത്തി നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു പൊലീസ്. കേരളത്തിലും സമാന രീതിയില്‍ പൊലീസ് പരിശോധന കര്‍ശനമാണ്. കസ്റ്റം എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ച ബൈക്കുകളില്‍ നിന്നും സൈലന്‍സര്‍ ഊരി മാറ്റിയ കേരള പൊലീസിന്റെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.