ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് ചവിട്ടി വീഴ്‍ത്തി; സ്കൂട്ടറില്‍ നിന്ന് വീണ് ഗർഭിണി മരിച്ചു

First Published 8, Mar 2018, 11:28 AM IST
Pregnant woman killed by traffic police
Highlights
  • ട്രാഫിക് പൊലീസുകാരന്‍റെ അക്രമം
  • ട്രിച്ചിയില്‍ ഗർഭിണി സ്കൂട്ടറില്‍ നിന്ന് വീണ് മരിച്ചു

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന്‍ ചവിട്ടി വീഴ്‍ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് ഗർഭിണി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗർഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപകഅക്രമം. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

ഉഷ സ്കൂട്ടറില്‍ ഭർത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിർത്താതെ പോയി. തുടർന്ന് മറ്റൊരുബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പൊലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു.

വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഭർത്താവ് രാജ ചികിത്സയിലാണ്. തുടർന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂർ പാത ഉപരോധിച്ചു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.തുടർന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ് പി അറിയിച്ചതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്.

വാഹന പരിശോധന നടക്കുമ്പോള്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട നിയമാവകാശങ്ങള്‍

റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ വിരളമായിരിക്കും. നിയമലംഘനം കണ്ടെത്തുന്നതിനും അപകടങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള്‍ പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1.ആരാണ് പരിശോധകര്‍?
ആദ്യം ആരാണ് പരിശോധകര്‍ എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്‍റെ ഡ്രൈവർ ബാധ്യസ്ഥനാണ്.

2.രേഖകളും കൊണ്ട് നിങ്ങള്‍ ഓടേണ്ട
പരിശോധനക്കായി വാഹനം നിര്‍ത്തിയാല്‍ രേഖകളും എടുത്ത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് ഓടുക എന്നതാണ് നമ്മുടെ ശീലം. എന്നാല്‍ വാഹനം നിർത്തിയാൽ പൊലീസ് ഒഫീസർ വാഹനത്തിന്റെ അടുത്തുചെന്നു രേഖകൾ പരിശോധിക്കണം എന്നാണു നിയമം.

3.ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മതി
പലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ എല്ലാ രേഖകളും വാഹനത്തില്‍ കൊണ്ടു നടക്കണമെന്ന് നിയമം പറയുന്നില്ല. ഡ്രൈവിംഗ് ലൈസന്‍സ് മാത്രം കൈയ്യിലുണ്ടായില്‍ മതി. യഥാർഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതിയാകും. പക്ഷെ ഡ്രൈവിങ് ലൈസൻസ് നിര്‍ബന്ധമായും കൈവശമുണ്ടായിരിക്കണം.

4. മാന്യമായ പെരുമാറ്റം
വാഹനപരിശോധനക്കിടെ നിങ്ങളെ പൊലീസുകാര്‍ അസഭ്യം പറഞ്ഞ അനുഭവം ഉണ്ടോ? ഇനി അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും നിയമപരമായി നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. വാഹനം പരിശോധിക്കുമ്പോൾ മാന്യമായി മാത്രമേ പൊലീസ് പൊരുമാറാവൂ എന്ന് നിയമം അനുശാസിക്കുന്നു.

5. കീ ഊരരുത്
വാഹനം തടഞ്ഞു നിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഉടനെ കീ ഊരിയെടുക്കുന്നത് പലര്‍ക്കും അനുഭവമുണ്ടാകം. എന്നാല്‍ ഒരു കാരണവശാലും പൊലീസ് വാഹനത്തിന്റെ കീ ഊരാൻ പാടില്ല.

6. സ്റ്റേഷനില്‍ കൊണ്ടു പോകരുത്
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങൾ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്നും നിമയം അനുശാസിക്കുന്നു. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം.

7. ഒരു മണിക്കൂറിനകം ജാമ്യം
മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്. എന്നാല്‍ മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ എമ്മാണ് നിയമം. മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നും നിയമം അനുശാസിക്കുന്നു.

loader