Asianet News MalayalamAsianet News Malayalam

റാസല്‍ഖൈമയിലെ ആ രാജകുമാരന്‍ ഇനി അരക്കോടിയുടെ ബിഎംഡബ്ല്യുവിൽ സഞ്ചരിക്കും

Premam Fame Sharafudeen bought a new BMW
Author
First Published Aug 8, 2017, 1:21 PM IST

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ക്യാംപസ് ചിത്രത്തിലെ ആ രാജകുമാരനെ ഓര്‍മ്മയില്ലേ? റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന 'ഗിനിരാജന്‍ കോഴി' എന്ന് ഓമനപ്പേരുള്ള ഒരു രാജകുമാരനെ? പകച്ചുപോയ ബാല്യത്തിന്‍റെ ഉടമായ ആ രാജകുമാരന്‍റെ കദനകഥയിലൂടെ ഷറഫുദീന്‍ എന്ന യുവതാരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. ആ ഷറഫുദ്ദീന്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുന്നു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസ് ഗ്രാന്‍ഡ് ടുറിസ്മോ.

ആഢംബരവും കരുത്തും യാത്രാസുഖവും ഒരുപോലെ ഒത്തിണങ്ങിയ കാറാണ് ബിഎംഡബ്ലിയുവിന്‍റെ ത്രീ സീരീസ് ജിടി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കാറിന്റെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

സ്‌പോര്‍ട് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. രണ്ട് ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ എഞ്ചിന്‍ 252 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി.

രണ്ടു ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്ന ഡീസല്‍ വകഭേദത്തിലും 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്.  പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എഞ്ചിന് 7.7 സെക്കന്റ്വേണം.

പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് വില 42.50 മുതല്‍ 45,80 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്‍റെ  ഡല്‍ഹി എക്‌സ് ഷോറൂം വില.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഷറഫുദ്ദീന്‍ വാഹനം സ്വന്തമാക്കിയത്. മലയാള ചലച്ചിത്ര താരങ്ങളായ അനൂപ് മേനോന്‍, ടിനി ടോം തുടങ്ങിയവര്‍ അടുത്ത കാലത്ത് ബിഎംഡബ്ലിയു സ്വന്തമാക്കിയിരുന്നു. അവരുടെ പിന്നാലെയാണ് ഷറഫുദ്ദീനും ബിഎംഡബ്ലിയുവിന്‍റെ ഉടമയാകുന്നത്.

 

Follow Us:
Download App:
  • android
  • ios