കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റലൈസ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബസുകളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ മുതല്‍ ഏത് സ്ഥലത്ത് എപ്പോള്‍ എത്തുമെന്നുവരെയുള്ള വിവരങ്ങള്‍ ഇതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. നവംബറോടെ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിവരശേഖരണവും ഡിജിറ്റെസ് ജോലികളുമാണ് നടക്കുന്നത്. ഇതോടൊപ്പം എല്ലാ ബസിലും ജി.പി.എസ്. ഘടിപ്പിക്കും.

ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) ആണ് ഇതിനുവേണ്ട സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നത്.

 സംസ്ഥാനത്ത് പതിനാറായിരത്തിലധികം സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതോടെ സമയം പാലിച്ചുകൊണ്ടുള്ള ബസ് യാത്ര ജനങ്ങള്‍ക്ക് ഉറപ്പാക്കാനാകും. ബസിന്റെ സമയക്രമം, നിലവില്‍ എവിടെ, എത്രസമയം കൊണ്ട് സ്റ്റോപ്പില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ കിട്ടും.