പ്രമുഖ വാഹന നിർമാതാക്കളായ റെനോ നാല് കാറുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു. വിൽപ്പന കുറഞ്ഞതാണ് കാറുകൾ പിൻവലിക്കാൻ കാരണം. ഇതോടെ ഇന്ത്യൻ വിപണിയിലെ റെനോ കാര്‍ മോഡലുകള്‍ മൂന്നായി ചുരുങ്ങി.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പള്‍സ്, സ്കാല, ക്ലിയോ, ഫ്ലുവന്‍സ് എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടായതാണ് കാറുകള്‍ പിന്‍വലിക്കാന്‍ കാരണം. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് പള്‍സിന്റെയും സ്കാലയുടെയും നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇവയുടെ നിര്‍മ്മാണം പുനരാരംഭിച്ചിട്ടും ഈ നാല് മോഡലുകള്‍ക്കും മതിയായ ആവശ്യക്കാരില്ലാത്തതാണ് ഇവ പിന്‍വലിക്കുന്നതിലേക്ക് റെനോയെ എത്തിച്ചത്. കമ്പനിയുടെ പുതിയ നയം അനുസരിച്ച് ഓരോ വര്‍ഷവും ഓരോ പുതിയ മോഡലുകള്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രീമിയം എസ്.യു.വിയായ റെനോ കാപ്ചര്‍ ഉടന്‍ വിപണിയിലെത്തും.
നാല് മോഡലുകള്‍ പിന്‍വലിച്ചതോടെ ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍ എന്നീ മോഡലുകളാണ് ഇനി റെനോയ്ക്ക് ഇന്ത്യന്‍ വിപണിയിലുള്ളത്. മോഡലുകള്‍ മൂന്നായി ചുരുങ്ങിയതോടെ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി, ഇക്കൊല്ലത്തെ ആഭ്യന്തര വില്‍പ്പന ഒരു ലക്ഷം യൂണിറ്റില്‍ എത്തിക്കാനാണ് റെനോയുടെ ശ്രമം. ആറു വര്‍ഷം മുന്‍പ് ഇന്ത്യന്‍ വിപണിയിലെത്തിയ റെനോയ്ക്ക് നിലവില്‍ നാല് ശതമാനമാണ് വിപണി പങ്കാളിത്തം. കാര്‍ വില്‍പ്പനയില്‍ ഏഴാം സ്ഥാനത്താണ്. ഇലക്ട്രിക് കാര്‍ വിപണിയില്‍ മേധാവിത്വമുള്ള റെനോ കൃത്യമായ സമയങ്ങളില്‍ വൈദ്യുത കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് നേട്ടം കൊയ്യാനും തയ്യാറെടുക്കുന്നുണ്ട്.
