ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ റെനോയുടെ ജനപ്രിയവാഹനം ക്വിഡ് ഹാച്ച്ബാക്കിനെ ഇന്ത്യയില്ർ തിരിച്ചുവിളിക്കുന്നു. സ്റ്റീയറിംഗ് വീലിലുണ്ടായ നിര്‍മ്മാണ പിഴവാണ് കാരണം.

800 സിസി ക്വിഡ് പതിപ്പുകളിലാണ് നിര്‍മ്മാണ പിഴവു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രശ്‌നസാധ്യതയുള്ള ഹാച്ച്ബാക്കുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രശ്‌നസാധ്യതയുള്ള ഉടമകള്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് റെനോ കത്തയച്ചെന്നും സമീപമുള്ള റെനോ സര്‍വീസ് സെന്ററില്‍ നിന്നും ഉടമസ്ഥര്‍ക്ക് കാര്‍ പരിശോധിപ്പിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്‌നം കണ്ടെത്തിയാല്‍ തികച്ചും സൗജന്യമായി ഡീലര്‍ഷിപ്പുകള്‍ മുഖേന കമ്പനി പരിഹാര നടപടികൾ സ്വീകരിക്കുമെന്നും റെനോ വ്യക്തമാക്കി.

റെനോയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ക്വിഡ്. നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്. മാരുതി ആള്‍ട്ടോയുടെ ശക്തനായ എതിരാളി കൂടിയാണ് ക്വിഡ്.

റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍ കഴിഞ്ഞദിവസം ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പും വരുന്നുണ്ട്. ചൈനയില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ ഉടന്‍ ഇന്ത്യയിലുമെത്തും.