രാജ്യത്തെ ഐക്കണിക്ക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ് ചരിത്രത്തിൽ ആദ്യമായി ട്വിൻ സിലിണ്ടർ എൻജിനോടെ കരുത്തു കൂടിയ പുതിയ ബുള്ളറ്റ് അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് ഏറെക്കാലമായി. പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂ ടൂബിലും മറ്റും വൈറലാകുന്നത് പുതിയൊരു വീഡിയോ ആണ്. ബജാജ് ഡോമിനര്‍ പുതിയ 'ബുള്ളറ്റ് 750'നെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതാണ് ഈ വീഡിയോ. പരസ്യത്തിലൂടെ എൻഫീല്‍ഡിനെ കളിയാക്കിയ ബജാജ് എന്‍ഫീല്‍ഡിനു മുന്നില്‍ പതറുന്നത് ബുള്ളറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

കമല്‍ ഹീരെ എന്നയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്‍ത വീഡിയോ ആണിത്. ചൈന്നൈയിലെ ഹൈവെയില്‍ മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ എന്‍ഫീല്‍ഡിന് തൊട്ടു പിന്നാലെ കുതിച്ച 400 സിസി ഡോമിനാറിന് പക്ഷെ ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗതയില്‍ കുതിച്ചിട്ടും ഡൊമിനറിന് ബുള്ളറ്റിനെ ഒരിക്കല്‍പ്പോലും തോല്‍പ്പിക്കാനായില്ലെന്നതാണ് രസകരം.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പെ കെടിഎം ഡ്യൂക്ക് 390 യും പുത്തന്‍ എന്‍ഫീല്‍ഡ് 750 യെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു. അക്ഷയ് കുമാര്‍ എന്നയാള്‍ അന്ന് പകര്‍ത്തിയ റോയല്‍ എന്‍ഫീല്‍ഡ് 750 യുടെ ദൃശ്യങ്ങള്‍ ബുള്ളറ്റ് പ്രേമികളെ കോരിത്തരിപ്പിച്ചിരുന്നു. 373.2 സിസി സിംഗിള്‍ സിലിണ്ടറിനെ 750 സിസി പാരലല്‍ ട്വിനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും മണിക്കൂറില്‍ 150 കിലോമീറ്ററിന് മേലെ വേഗത കൈവരിച്ചിട്ടും റോയല്‍ എന്‍ഫീല്‍ഡ് 750 യെ പിടികൂടാന്‍ കെടിഎമ്മിന് സാധിച്ചില്ലെന്നത് അന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നവംബര്‍ മാസം മിലാനില്‍ വെച്ച് നടക്കുന്ന 2017 EICMA യില്‍ പുതിയ 750 സിസി പാരലല്‍ ട്വിന്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിക്കാനിരിക്കെ, മോഡലിനെ ഇന്ത്യന്‍ നിരത്തില്‍ നിന്നും കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നത് വാഹനലോകം കൗതുകത്തോടെ ഉറ്റുനോക്കുന്നത്. എന്‍ഫീല്‍ഡ് ആരാധകരും എതിരാളികളും ഒരുപോലെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 750 യെ പിടികൂടാന്‍ ശ്രമിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.


ആദ്യം കഫേ റെയ്സറിൽ 750 സിസി എൻജിൻ ഘടിപ്പിച്ചായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്‍റെ പരീക്ഷണമെങ്കിൽ ഇപ്പോൾ രണ്ടു തരത്തിലുള്ള ബൈക്കുകളിൽ 750 സിസി എൻജിൻ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ.

യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും യൂറോപ്യൻ വിപണി കൂടി മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം പുതിയ ബൈക്ക് നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.