ഐക്കണിക്ക് ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരുചക്രവാഹന നിരയില്‍ നിന്നും ഒരു മോഡലിനെ കമ്പനി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കഫെ റേസര്‍ ടാഗോടെ എത്തിയ കോണ്ടിനെന്‍റല്‍ ജിടിയെയാണ് കമ്പനി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച 650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വിപണിപ്രവേശത്തിനു മുന്നോടിയായിട്ടാണ് ഈ നീക്കമെന്നാണ് സൂചന.

കോണ്ടിനെന്‍റല്‍ ജിടിക്ക് മേലുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ നിര്‍ത്തി വെച്ചതായാണ് വിവരം. ഫ്യുവൽ ടാങ്കിൽ സ്വർണവർണത്തിൽ റോയൽ എൻഫീൽഡ് ബാഡ്ജോടുകൂടിയ മെറ്റൽ ഫിനിഷിംഗുള്ള മോട്ടോർസൈക്കിളായ കോണ്ടിനെന്‍റല്‍ ജിടി 2013ലാണ് പുറത്തിറങ്ങിയത്. ഈ കഫേ റേസര്‍ സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളിന് ഇന്ത്യയിലും വിദേശത്തുമൊക്കെ നല്ല സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ കോണ്ടിനെന്റൽ ജിടിക്ക് വേണ്ടത്ര കരുത്തുപോര എന്നു പൊതുവെ വിമര്‍ശനം ഉയര്‍ന്നു. അതോടെ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയില്‍ പേര് കേള്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് കോണ്‍ടിനന്റല്‍ ജിടിയെ പിന്‍വലിക്കാനുള്ള കമ്പനിയുടെ തീരുമാനം. എന്നാല്‍ രാജ്യാന്തര വിപണികളില്‍ കോണ്‍ടിനന്റല്‍ ജിടി ഇന്നും ശക്തനാണ് എന്നതും ശ്രദ്ധേയം. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ഈ മോഡലുകളുടെ കയറ്റുമതി തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്ടിനെന്‍റല്‍ ജിടിക്ക് പകരക്കാരായി 650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച കോണ്ടിനെന്റല്‍ GT 650, ഇന്റര്‍സെപ്റ്റര്‍ INT 650 എന്നീ രണ്ട് മോഡലുകളെ ഗോവയില്‍ നടന്ന റൈഡര്‍ മാനിയ 2017 ചടങ്ങില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം വരെയാകും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്.

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡ് ട്രാൻസ്മിഷനിൽ 130-140 കിലോമീറ്റർ വരെ വേഗം കൈവരിക്കാം.

പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കാണ് ഇവ രണ്ടും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. ക്ലാസിക് സ്റ്റെലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും.

പിന്‍വലിക്കുന്ന കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്ടിനെന്റല്‍. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്‍പം കുറവാണ്. 198 കിലോഗ്രാമാണ് ആകെ ഭാരം. രണ്ടിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്ക് സസ്പെന്‍ഷനുമുണ്ട്.

പ്രതിവർഷം എട്ട് ലക്ഷം ബുള്ളറ്റുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഈ ജനപ്രിയത ആഗോള തലത്തിൽ അവതരിപ്പിക്കാനാണ് കരുത്തൻ ബുള്ളറ്റുകൾ മിലാനിൽ പുറത്തിറക്കിയത്. ഹാർലി ഡേവിഡ്സണിന്‍റെ സ്ട്രീറ്റ് 750യുമായിട്ടായിരിക്കും പുതിയ ബുള്ളറ്റുകളുടെ പ്രധാന മത്സരം.