സൗദി സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള സല്‍മാന്‍ രാജാവിന്‍റെ നിര്‍ദ്ദേശം ആഹ്ളാദപൂര്‍വമാണ് രാജ്യത്തെ വനിതകള്‍ എതിരേറ്റത്. സൗദിയിലെ സ്ത്രീകളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു സ്വന്തമായി ഡ്രൈംവിംഗ് ലൈസന്‍സ് എന്നത്.

സൗദി ഉന്നതസഭയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സല്‍മാന്‍ രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. അടുത്ത ശവ്വാല്‍ മാസം 10 മുതലാണ് ലൈസന്‍സ് അനുവദിക്കുക. ഇസ്ലാമിക ശരീയത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് അടിസ്ഥാനപരമായി വാഹനങ്ങളോടിക്കുന്നതിന് വിലക്കില്ലെങ്ങ്കിലും മുന്‍കരുതല്‍ എന്ന നിലക്കായിരുന്നു ലൈസന്‍സ് അനുവദിക്കാതെയിരുന്നത്.

വിലക്ക് തുടരേണ്ടതില്ലെന്ന് ഉന്നത സഭയിലെ ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടതോടെയാണ് സ്ത്രീകളുടെ കാലങ്ങളായുള്ള ആഗ്രഹം സഫലീകരിക്കപ്പെട്ടത്. ആഹ്ളാദ പൂര്‍വമാണ് മലയാളികളടക്കമുളഅള രാജ്യത്തെ സ്‍ത്രീകള്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവിനെ എതിരേറ്റത്. ആഭ്യന്തര ധനകാര്യ, സാമൂഹ്യക്ഷേമ മന്ത്രാലയം എന്നിവരടങ്ങിയ കമ്മറ്റി മുപ്പതു ദിവസത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കണം.