ഏരിയ 51 എന്നു കേട്ടിട്ടുണ്ടോ? അമേരിക്കയിലെ നെവാദയില്‍ സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. പറക്കും തളികകളുടേയും അന്യഗ്രഹജീവികളുടേയും അതീവരഹസ്യ വിവരങ്ങള്‍ അമേരിക്ക സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഇവിടം എന്നാണ് ചിലര്‍ പറയുന്നത്. പലപ്പോഴും യുഎസിലെ തന്നെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരും. ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറില്ലത്രെ. ഏരിയ 51ലേക്കാണ് ഈ ചുവപ്പു വരയന്‍ വിമാനങ്ങളുടെ സഞ്ചാരമെന്നാണ് ചിലരുടെ വിശ്വാസം. ഇപ്പോള്‍ ഈ ഏരിയ വാര്‍ത്തകളില്‍ നിറയാന്‍ കാരണം എന്തെന്നല്ലേ? ഇവിടേക്കു ഫ്ലൈറ്റ് അറ്റന്‍ഡേഴ്സിനെ ജോലിക്കു ക്ഷണിക്കുന്നതായുള്ള വാര്‍ത്തകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.

50 വർഷത്തോളമായി ഏരിയ 51 വാർത്തകളില്‍ നിറഞ്ഞിട്ട്. ഒടുവില്‍ 2013ല്‍ ഈ എരിയ 51 എന്നത് സങ്കല്‍പ ലോകമല്ല യാഥാര്‍ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി സമ്മതിക്കകയും ചെയ്‍തു. അമേരിക്കന്‍ വ്യോമസേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്‍റെ ഔദ്യോഗിക നാമം നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം.

വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശത്തെ തിരഞ്ഞെടുത്തതെന്നുമാണ് അമേരിക്ക പറയുന്നത്. ആയുധ പരീക്ഷണങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ കൈവശമുള്ള പറക്കും തളികകളുടെ അവശിഷ്ടങ്ങളും മറ്റും സൂക്ഷിക്കുന്നത് ഇവിടെയാണെന്നാണ് കോൺസ്പിറസി തിയറിസ്റ്റുകളുടെ പറയുന്നത്. അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യകളെ കുറിച്ച് മനസിലാക്കാനുള്ള പഠനങ്ങളും ഇവിടെ രഹസ്യമായി നടക്കുന്നുണ്ടെന്നും വാദമുണ്ട്.

സായുധരായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ടെര്‍മിനല്‍ വഴിയാണ് ചുവപ്പു വിമാനങ്ങള്‍ പറന്നുയരാറ് എന്നതിനാല്‍ ഈ വിമാനങ്ങളുടെ ഒരു വിവരവും യാത്രികര്‍ക്കു കിട്ടില്ല. എല്ലാവിധ രഹസ്യാത്മകതയും സൂക്ഷിക്കുന്ന ഇത്തരം ബോയിങ് 737 വിമാനങ്ങളുടെ നമ്പര്‍ ആരംഭിക്കുന്നത് xxxലാണ്. അതിവേഗത്തില്‍ വിമാനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന ശബ്ദ സ്‌ഫോടനം ഏരിയ 51ല്‍ നിന്നും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ചില വീഡിയോകളും പുറത്തുവന്നിരുന്നു. എഫ് 22 പോലുള്ള പോര്‍വിമാനങ്ങള്‍ മേഖലയില്‍ പലപ്പോഴായി പറക്കുന്നത് യഥാര്‍ഥത്തില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ ഏരിയ 51ൽ നിന്ന് പുറത്തുവരുന്ന പരീക്ഷണ എയർക്രാഫ്റ്റുകളാകാം പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

എന്തായാലും ഭൂരിഭാഗം അമേരിക്കൻ പ്രസിഡന്‍റുമാരും ഈ സ്ഥലത്തെപ്പറ്റി പറയാൻ വിമുഖത കാണിച്ചപ്പോള്‍ മുൻ പ്രസിഡന്റ് ക്ലിന്റൺ ഏരിയ 51ലെ യുഎഫ്ഒ ഫയലുകകളിൽ കാര്യമായി ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹിലരി ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു.