ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുന്ന ബാറ്ററി ബസുകളുമായി ചൈന. ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ ഹുബെ ആസ്ഥാനമായ ഡോങ്ഫെങ് സിയാങ്യാങ് ടൂറിങ് കാർ കമ്പനി ലിമിറ്റഡ് നിർമിച്ച ഈ ബസുകള്‍ ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടും.
6.7 മീറ്ററാണു നീളമുള്ള ബസില്‍ 25 പേർക്കു സഞ്ചരിക്കാം. മണിക്കൂറിൽ 40 കിലോമീറ്ററാണ് പരമാവധി വേഗം. സ്വയം ഓടുന്നതിനു പുറമെ ഡ്രൈവറുടെ നിയന്ത്രണത്തിൽ മാനുവൽ രീതിലും ഓടിക്കാമെന്നതും പുതിയ ബസുകളുടെ സവിശേഷതയാണ്. 12 ലക്ഷം കിലോമീറ്ററോളം പ്രശ്നങ്ങളൊന്നുമില്ലാതെ ബസിന്‍റെ വൈദ്യുത മോട്ടോർ പോലുള്ള സുപ്രധാന യന്ത്രഘടകങ്ങൾ പ്രവര്‍ത്തിക്കുമെന്നും കമ്പനിയുടെ അവകാശവാദം.
മധ്യ ചൈനയിലെ ഹൂബെ പ്രവിശ്യയിലെ നിർമാണശാലയിൽ നടന്ന പരീക്ഷണ ഓട്ടം ഈ ബസുകള്‍ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ഇവ ഇനി രാജ്യത്തെ പൊതു നിരത്തുകളിൽ സർവീസിനിനെത്തുമെന്നും ഗ്വാങ്ഡൊങ് പ്രവിശ്യയിലെ ഷെൻസെന്നിൽ ഇത്തരത്തിലുള്ള രണ്ടു ബസ്സുകൾ വൈകാതെ ഓട്ടം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
